covid

തിരുവനന്തപുരം: തലസ്ഥാന ജില്ല അടക്കം സംസ്ഥാനത്ത് നാല് ജില്ലകൾ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത് ആരോഗ്യവകുപ്പിന് കടുത്ത ആശങ്കയ്ക്കൊപ്പം വെല്ലുവിളിയും ഉയർത്തുന്നു. തിരുവനന്തപുരം കൂടാതെ കൊല്ലം, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് കൊവിഡ് വ്യാപനം കടുത്തിരിക്കുന്നത്. തലസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്ക് രേഖപ്പെടുത്തിയത് ഞായറാഴ്ചയാണ്. 1119 പേർക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, അന്ന് കോഴിക്കോട് ജില്ലയിൽ ആയിരുന്നു രോഗികളുടെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്, 1164.

തിരുവനന്തപുരത്ത് ഇന്നലെവരെ 39,301 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എറണാകുളം (22,790), കോഴിക്കോട് (23,783), മലപ്പുറം (26,898) എന്നിങ്ങനെയാണ് മറ്റ് മൂന്ന് ജില്ലകളിലെ കണക്ക്. ഈ നാല് ജില്ലകളിലുമായി കഴിഞ്ഞ 15 ദിവസത്തിനിടെ 10,000ന് മുകളിൽ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 ദിവസത്തിനിടെ എറണാകുളത്ത് മാത്രം 11,000 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച ജില്ലയിൽ രണ്ട് തവണ രോഗികളുടെ എണ്ണം 1000 കടക്കുകയും ചെയ്തു.

ടി.പി.ആറും വെല്ലുവിളി

സംസ്ഥാനത്ത് കൊവിഡ് രോഗം കണ്ടെത്താൻ നടത്തുന്ന പരിശോധനകളിൽ പോസിറ്റീവാകുന്നവരുടെ ഏറ്റവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) ഇപ്പോൾ 15 ശതമാനമാണ്. കൊവിഡ് പരിശോധനകളുടെ ക്ഷമത സംബന്ധിച്ച സൂചകമായ ടി.പി.ആർ പരിശോധനകൾ കുറയുന്നതോടെ രോഗം അതിരൂക്ഷമായി വ്യാപിക്കാൻ ഇടയാക്കും. ടി.പി.ആറിലൂടെയാണ് കൊവിഡിന്റെ വ്യാപനത്തോത് വിലയിരുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് ടി.പി.ആർ അഞ്ച് ശതമാനമായി നിൽക്കുന്നതാണ് അഭികാമ്യം. എന്നാൽ 10 ശതമാനത്തിൽ കൂടാനും പാടില്ല.

പരിശോധനകളിൽ സ്ഥിരതയില്ല

രോഗം കണ്ടെത്താൻ നടത്തുന്ന പ്രതിദിന പരിശോധനകൾ 50,000 ആയി ഉയർത്തിയെങ്കിലും ഇത് സ്ഥിരമായി നിലനിറുത്താൻ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. തിങ്കളാഴ്ച 38,696 ടെസ്റ്റുകൾ മാത്രമാണ് നടത്താനായത്. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധന ശരാശരി 56,000 ആയി നിലനിറുത്താനായത് മേന്മയാണ്.

11 ദിവസത്തിനിടെയുള്ള ജില്ലകളിലെ രോഗികളുടെ വർദ്ധന ഇങ്ങനെ

തിരുവനന്തപുരം: 10,119

എറണാകുളം: 9203

കോഴിക്കോട്: 10,233

മലപ്പുറം: 9459