
തൃശൂർ : മഹേഷ് കുട്ടനെല്ലൂരിൽ വനിതാ ഡോക്ടർ സോനയെ കുത്തിവീഴ്ത്തിയത് ബന്ധുക്കളുടെ മുന്നിൽ വച്ച്. കൊലപാതകത്തിലേക്ക് നയിച്ചത് പണം തിരികെ ചോദിച്ചതിലും പാെലീസിൽ പരാതി കൊടുത്തതിലുമുള്ള വൈരാഗ്യമാണെന്നാണ് സൂചന. മദ്ധ്യസ്ഥ ചർച്ചയ്ക്ക് എന്ന പേരിൽ ഇയാൾ എത്തിയത് സോനയെ വകവരുത്താൻ ആയിരുന്നെന്ന് സോനയുടെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സോനയെ മഹേഷ് പീഡിപ്പിച്ച് തടങ്കലിലാക്കിയെന്നാണ് സിറ്റിപൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. മാതാപിതാക്കളുമായി സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സോനയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ളവ ഇയാൾ കൈവശപ്പെടുത്തിയിരുന്നു. സോന കൊല്ലപ്പെടുന്നതിന് കുറച്ചു ദിവസം മുമ്പാണ് വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതും വിഷയത്തിൽ ബന്ധുക്കൾ ഇടപെട്ടതും. കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം മുതൽ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം. പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവുമായി സോന അകന്നു. തുടർന്ന് വിദേശത്ത് ഉൾപ്പെടെ സോന ജോലി ചെയ്‌തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടിൽ കൊണ്ടുവരികയായിരുന്നു.
മഹേഷിന്റെ നിർബന്ധത്തിനാണ് കുട്ടനല്ലൂരിൽ ഡന്റൽ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങൾ ചെയ്തതും മഹേഷായിരുന്നു. തൃശൂർ കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ച് ഭാര്യയും ഭർത്താവും എന്ന നിലയിൽ താമസിക്കുകയായിരുന്നു. ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടിൽ അറിയിച്ചിരുന്നില്ല. എതിർത്താൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷിന്
കഴിഞ്ഞ ഒരു വർഷമായി ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു. ഇതിനു പുറമേ ചിട്ടി നടത്തിപ്പിലൂടെ ലഭിച്ച ഏഴു ലക്ഷം രൂപയും ക്ലിനിക് തുടങ്ങുമ്പോൾ ഇന്റീരിയർ വർക്കുകൾക്കെന്ന പേരിൽ ആറര ലക്ഷം രൂപയും സോനയിൽനിന്ന് ഇയാൾ കൈക്കലാക്കിയിരുന്നു. ഇക്കാര്യം സോന വീട്ടുകാരെ അറിയിച്ചതോടെ അവർ സ്ഥലത്തെത്തി കഴിഞ്ഞ 25ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. ഇത് ഒല്ലൂർ സി.ഐക്ക് കൈമാറുകയും അന്വേഷണത്തിന് നിർദ്ദേശിക്കുകയും ചെയ്തു. സിഐ അറിയിച്ചതനുസരിച്ചാണ് 29ന് സോനയും പിതാവും കുടുംബ സുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തുന്നത്. കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചപ്പോൾ മഹേഷിനെ പൊലീസ് വിളിച്ചെങ്കിലും വന്നില്ല. പൊലീസ് വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ സോനയുടെ ഫോണിൽ നിന്ന് വിളിച്ച് സി.ഐ സംസാരിച്ചു. സി.ഐയോട് ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും പലപ്രാവശ്യം വിളിച്ചിട്ടും ഒഴിഞ്ഞുമാറി. ഒന്നര മണിക്കൂർ സ്റ്റേഷനിൽ കാത്തു നിന്നിട്ടും എത്താതിരുന്നതിനാൽ ഇവർ ക്ലിനിക്കിലേക്കു പോയി.
തുടർന്ന് മദ്ധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും കേസ് പിൻവലിക്കാമെന്നും സോനയുടെ ബന്ധുക്കൾ പറഞ്ഞതോടെ നേതാവ് മഹേഷുമായി ക്ലിനിക്കിലെത്തി. ഇന്റീരിയർ വർക്കിന് നൽകിയ 20 ലക്ഷം രൂപ കിട്ടാനുണ്ടെന്നും അതു ലഭിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നുമായിരുന്നു മഹേഷിന്റെ നിലപാട്. ഇന്റീരിയർ വർക്കിന് നൽകിയ അഞ്ച് ലക്ഷത്തിന്റെ കണക്ക് സോന കാണിച്ചതോടെ മഹേഷിന്റെ ഒപ്പമെത്തിയവരും നിലപാടിൽനിന്ന് പിൻവാങ്ങി. ബന്ധുക്കളുടെയും പൊലീസിന്റെയും ഇടപെടലോടെ സോനയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടി വരുമെന്നും ക്ലിനിക്കിൽ നിന്നുള്ള വരുമാനം നിലയ്ക്കുമെന്നും മനസ്സിലായതോടെ മഹേഷ് കൊലയ്ക്ക് പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.