ramakkalmed

സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടയിടമാണ് ഇടുക്കി. കാറ്റും മഞ്ഞും മഴയും പച്ചപ്പും പ്രകൃതിഭംഗിയുമൊക്കെ അറിയണമെങ്കിൽ ഇടുക്കിയിലേക്ക് പോകണമെന്നാകും ഓരോ യാത്രികനും പറയുക. അവിടെയെത്തിയാൽ ആ വാക്കുകൾ സത്യമാണെന്ന് ബോദ്ധ്യപ്പെടുക തന്നെ ചെയ്യും. ഇടുക്കിയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്. പേര് കേൾക്കുമ്പോൾ ഉണ്ടാകുന്ന കൗതുകം പേരിന് പിന്നിലെ ഐതിഹ്യം കേൾക്കുമ്പോഴേക്കും ഇരട്ടിച്ചേക്കും. രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീരാമൻ ഇവിടെ ഇരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ശ്രീരാമൻ ചവിട്ടിയ രാമപാദം പതിഞ്ഞ കല്ലാണ് രാമക്കല്ല്. അതിൽ നിന്നാണ് രാമക്കൽ മേട് എന്ന പേര് വന്നത്. പച്ച നിറമാർന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റുമൊക്കെയാണ് രാമക്കൽമേടിനെ സഞ്ചാരികളെ ആകർഷിക്കുന്നത്. ഏറ്റവുമധികം കാറ്റ് ലഭിക്കുന്ന സ്ഥലം കൂടിയാണിത്. നീണ്ടു കിടക്കുന്ന പച്ചപ്പിനെ ഓരോ നിമിഷത്തിലും തൊട്ടുണർത്തി കൊണ്ടേയിരിക്കുന്നതുപോലെയാണ് ഇവിടെ കാറ്റ് വീശുക. കുറവനും കുറത്തിയും മലയാണ് മറ്റൊരു ആകർഷണീയത. രാവിലെ എട്ടു മണി മുതലാണ് രാമക്കൽമേട്ടിലേക്കുള്ള പ്രവേശനം തുടങ്ങുക. ടോക്കൺ എടുത്ത് വേണം കയറാൻ.

രാമക്കൽമേടിനു മുകളിലുള്ള കല്ലുമ്മേക്കല്ലാണ് മറ്റൊരു പ്രധാന ആകർഷണം. ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചതു പോലെയുള്ള പാറക്കെട്ട്. വനവാസകാലത്ത് ഭീമസേനൻ ദ്രൗപതിയ്‌ക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ഇതെന്നാണ് ഐതിഹ്യം. കേരളത്തിനെയും തമിഴ്നാടിനെയും തമ്മിൽ വേർതിരിക്കുന്നയിടം കൂടിയാണ് രാമക്കൽമേട്. കിഴ്ക്കാം തൂക്കായ മലനിരയിൽ നിന്നുള്ള തമിഴ്നാടിന്റെ കാഴ്‌ച മനോഹരമായ ഒന്നാണ്. സൂര്യാസ്‌തമയമാണ് ഇവിടത്തെ മറ്റൊരു പ്രധാന കാഴ്‌ച.

എത്തിച്ചേരാൻ

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നും 15 കിലോമീറ്റർ യാത്ര ചെയ്‌ത് എത്താനാകും.