adal1

ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഹിമാചൽ പ്രദേശിലെ അടൽ തുരങ്കപാതയിൽ അപകടങ്ങളുടെ ഘോഷയാത്ര. ഉദ്ഘാടനം ചെയ്ത് 72 മണിക്കൂറിനുളളിൽ മൂന്ന് അപകടങ്ങളാണ് സംഭവിച്ചത്. എല്ലാം ഉണ്ടായത് ഒറ്റദിവസവും. തുരങ്കപാത കാണാനുളള കൗതുകത്തിൽ കൂടുതൽ പേർ എത്തുന്നതും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും

വിനോദസഞ്ചാരികൾ ഉൾപ്പടെയുളളവർ വണ്ടി ഓടിക്കുന്നതിനിടെ സെൽഫി എടുക്കുന്നതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.

തുരങ്കപാത കാണാനും അതിലൂടെ വാഹമോടിക്കാനുമായി നൂറുകണക്കിന് ആളുകളാണ് നിത്യവും ഇവിടേക്ക് എത്തുന്നത്. തുരങ്കപാതയിൽ വാഹനങ്ങൾ നിറുത്താൻ ആർക്കും അനുമതി ഇല്ല. ഇതുപോലും ചിലർ ലംഘിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.അപകടങ്ങൾ ഉണ്ടായതോടെ കർശന നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കൂടുതൽ ട്രാഫിക് പൊലീസിനെ നിയാേഗിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്യും.

ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി തുരങ്ക പാത ഉദ്ഘാടനം ചെയ്തത്. പാത നിലവിൽ വന്നതോടെ മണാലിയിൽനിന്ന് ലേയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമായി. ദൂരം 46 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. അപകടങ്ങൾ തടയുന്നതിന് അത്യന്താധുനികമായ സുരക്ഷാ സന്നാഹങ്ങളാണ് തുരങ്കപാതയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.