rahul-gandhi

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിൽ ചൈന നടത്തിയ കൈയ്യേറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്ക് തന്റെ പ്രതിച്ഛായയെ കുറിച്ച് മാത്രമാണ് ആശങ്കയെന്നും തന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മോദി ഇന്ത്യയുടെ 1200 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈനയ്ക്ക് നൽകിയെന്നും രാഹുൽ ആരോപിച്ചു. പഞ്ചാബിൽ കർഷക പ്രതിഷേധങ്ങളുടെ ഭാഗമാകാനെത്തിയ രാഹുൽ പാട്യാലയിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

' ചൈനയ്ക്ക് എങ്ങനെ നമ്മുടെ മണ്ണ് പിടിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് നിങ്ങൾക്കറിയാമോ ? ഇന്ത്യയിലെ ഏറ്റവും പരമോന്നതനായ വ്യക്തി തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി മണ്ണ് വിട്ട് നൽകുമെന്ന് അവർക്കറിയാമെന്നതിനാലാണ് അത്. തന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മോദി രാജ്യത്തോട് കള്ളം പറയുകയാണ്. 1200 ചതുരശ്ര കിലോമീറ്റർ മോദി ചൈനയ്ക്ക് നൽകി എന്നതാണ് യാഥാർത്ഥ്യം. ' രാഹുൽ പറയുന്നു.

ഹാഥ്‌രസ് സംഭവത്തിൽ എന്തുകൊണ്ട് പ്രധാനമന്ത്രി ഒരു പ്രസ്താവയും നടത്തുന്നുന്നില്ലെന്ന് രാഹുൽ ചോദിച്ചു. ' പെൺകുട്ടിയുടെ കുടുംബത്തോട് ഭരണകൂടം എങ്ങനെയാണ് പെരുമാറിയതെന്ന് രാജ്യം മുഴുവൻ കണ്ടതാണ്. എന്നിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. ' രാഹുൽ തുടർന്നു. ' സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളെ മോദി സർക്കാർ നശിപ്പിച്ചു. ഈ രണ്ട് മേഖലയിലും നിരവധി പേരാണ് ജോലി ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിയെ പറ്റി ഫെബ്രുവരിയിൽ ഞാൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഞാൻ തമാശ പറയുകയാണെന്നാണ് അവർ അന്ന് പറഞ്ഞത്. ' രാഹുൽ ഗാന്ധി വ്യക്തമാക്കി.