
തൃശൂർ: സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ചിറ്റിലങ്ങാട് സ്വദേശി തറയിൽ വീട്ടിൽ നന്ദൻ (48) പൊലീസിന്റെ പിടിയിലായി. തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദനും ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരും മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂർ ജില്ലയിലെ ചിലയിടങ്ങിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ രണ്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. രാജ്യം വിടാൻ സാധ്യതയുളളതിനാൽ ഇയാളുടെ പാസ്പോർട്ടും മറ്റുരേഖകളും പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഇനി രണ്ട് പ്രതികളെ പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് സനൂപ് കുത്തേറ്റുമരിച്ചത്. ആർ എസ് എസുകാരാണ് പ്രതികളെന്നാണ് പൊലീസ് പറയുന്നത്.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. അമിതവേഗത്തിൽ ബൈക്ക് ഓടിച്ചതിന് ചിറ്റിലങ്ങാട് സ്വദേശിയായ മിഥുനും പ്രദേശവാസികളായ ചിലരുമായി തർക്കമുണ്ടായിരുന്നു.തർക്കം പരിഹരിക്കാനാണ് സനൂപും സുഹൃത്തുക്കളായ പുതുശ്ശേരി കോളനിയിലെ പനക്കൽ വിബിൻ (വിബിക്കുട്ടൻ 28), അഞ്ഞൂർപാലം മുക്കിൽ വീട്ടിൽ ജിതിൻ (ജിത്തു 25), മരത്തംകോട് കിടങ്ങൂർ കരുമത്തിൽ അഭിജിത്ത് (28) എന്നിവരുമെത്തിയത്.റോഡിൽ നിന്ന് സംസാരിക്കുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിനിടെയാണ് സനൂപിന് വയറിൽ രണ്ട് തവണ കുത്തേറ്റത്. പുറത്തും ആഴത്തിലുള്ള മുറിവുണ്ട്. വിബിക്കുട്ടനും സാരമായി പരിക്കേറ്റു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സനൂപ് വഴിയരികിൽ കുഴഞ്ഞുവീണു. നാട്ടുകാരും പുതുശ്ശേരിയിൽ നിന്നെത്തിയ സുഹൃത്തുക്കളുമാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്.പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ബഹളത്തിനിടെ സനൂപ് രക്ഷപ്പെട്ടിരിക്കാമെന്നാണ് സുഹൃത്തുക്കൾ കരുതിയിരുന്നത്.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.