
ഒരിക്കൽ വിപ്ലവത്തിന്റെ ആവേശം തിളച്ചുപൊന്തിയ പ്രദേശമായിരുന്നു കൊല്ലം ജില്ല. സ്വാതന്ത്യം നേടിയ ശേഷം പലതരത്തിലുള്ള ചിന്താഗതികളും ആശയങ്ങളും ഈ പ്രദേശത്തിന്റെ മുഖച്ഛായയെ മാറ്റിമറിച്ചു. പല വിപ്ലവ പ്രസ്ഥാനങ്ങൾക്കും ഇത് വളക്കൂറുള്ള മണ്ണായിത്തീർന്നു. മറ്റു ജില്ലകളിൽ നിന്ന് വേറിട്ടുനിർത്തിയ ഘടകങ്ങൾ പലതും കൊല്ലത്തിന്റെ ക്രെഡിറ്റിലുണ്ട്. കൊല്ലത്തിന്റെ  വളർച്ചയുമായി ബന്ധപ്പെട്ടവരിൽ ചിലർ പിൽക്കാലത്ത് രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും വ്യക്തിമുദ്രകൾ സ്ഥാപിച്ചു. നാടകവും സാഹിത്യവും സിനിമയും  പത്രപ്രവർത്തനവുമൊക്കെ കൊല്ലത്തിന്റെ ചരിത്രരേഖകളിൽ മഹത്തായ വിതാനങ്ങൾ സൃഷ്ടിച്ചാണ് കടന്നുപോയത്. അക്കൂട്ടത്തിൽ കൊല്ലത്തിന്റെ ശക്തിയായി നിന്ന ഒരാളായിരുന്നു എസ് പൊലിക്കാർപ്പ്. അദ്ദേഹത്തിന്റെ 'ത്യാഗഭവനം" വിപ്ലവകാരികളുടെ പ്രവർത്തനകേന്ദ്രമായിരുന്നു. സി. അച്യുതമേനോനും എം. എൻ. ഗോവിന്ദൻ നായരും എൻ. ഇ. ബലറാമും  സി. ഉണ്ണിരാജയും ടി.വി. തോമസും പി.കെ. വിയും ഗൗരിയമ്മയും എൻ.സി.ശേഖറുമൊക്കെ ഒളിവിലും തെളിവിലും കഴിഞ്ഞ അഭയകേന്ദ്രമാണ് എസ്. പൊലിക്കാർപ്പിന്റെ 'ത്യാഗഭവനം." പലപ്പോഴും ചരിത്രത്തിന്റെ ഇടനാഴികൾ പുത്തൻതലമുറക്ക് അപ്രാപ്യമായിരിക്കും. അവയൊന്നും അക്ഷരരൂപത്തിൽ എത്താത്തതു കൊണ്ടായിരിക്കണം ഈ ദുരവസ്ഥ സംജാതമാകുന്നത്. എന്നാൽ കൊല്ലത്തെ ചരിത്രം പേറുന്ന ത്യാഗഭവനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചും  വിപ്ലവചിന്താധാരയുടെ സഹയാത്രികനായിരുന്ന എസ്. പൊലിക്കാർപ്പിന്റെ മകൻ പി. സ്റ്റാൻലി തന്നെ വിവരിക്കുകയാണ് 'ഓർമ്മകളുടെ വെള്ളിത്തിര" എന്ന പുസ്തകത്തിൽ.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വേരുറയ്ക്കുന്ന കാലത്ത് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വളരെയധികം ത്യാഗങ്ങൾ സഹിച്ച വ്യക്തിയാണ് എസ്. പൊലിക്കാർപ്പ്. പാർട്ടി പ്രവർത്തകർക്ക് എപ്പോഴും കയറിച്ചെന്ന് താമസിക്കാൻ പറ്റിയ സങ്കേതമായിരുന്നു രണ്ടാംകുറ്റിയിലെ അദ്ദേഹത്തിന്റെ 'ത്യാഗഭവനം". തടി- കയർ വ്യവസായം നടത്തുമ്പോൾത്തന്നെ പാർട്ടിക്കും നേതാക്കൾക്കും ആവശ്യമായ സഹായങ്ങൾ എത്തിച്ചുകൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വീട്ടിലുള്ള പന്ത്രണ്ടു മുറികളും ഓരോ നേതാവിന്റെ പേരിലായിരുന്നു. പാർട്ടി ഓഫീസും അവിടെത്തന്നെ. അങ്ങനെ എസ്. പൊലിക്കാർപ്പിന്റെ മകൻ പി. സ്റ്റാൻലി പാർട്ടിപ്രവർത്തനങ്ങളും  അവരുടെ  വിപ്ലവഗാഥകളും കണ്ടും കേട്ടുമാണ് വളർന്നത്. എപ്പോഴും മനസിൽ വിപ്ലവത്തിന്റെ തീ നാമ്പുകൾ കത്തി നിന്നിരുന്നതിനാൽ ആവേശത്തിനു കുറവൊന്നും വന്നതുമില്ല. സ്വന്തം പിതാവ് പാർട്ടിയുടെ സന്തതസഹചാരി ആയിരുന്നതിനാൽ കുടുംബത്തിനു നേരിടേണ്ടി വന്ന ദുരിതങ്ങളും ദുരന്തങ്ങളും ആദ്യത്തെ ഏതാനും അദ്ധ്യായങ്ങളിൽ അവതരിപ്പിക്കുന്നു. ഇന്നത്തെപ്പോലെ അധപ്പതിച്ച രാഷ്ട്രീയാന്തരീക്ഷമല്ല അന്നു നിലനിന്നിരുന്നതെന്ന സൂചന നമുക്ക് ലഭിക്കുന്നുണ്ട്.
രാഷ്ട്രീയത്തിന്റെ പേരിൽ സമുദായക്കാർ പോലും എസ്. പൊലിക്കാർപ്പിന്റെ കുടുംബത്തെ പുറന്തള്ളി. പി സ്റ്റാൻലി എഴുതുന്നു: 'കത്തോലിക്കാസഭ  ഞങ്ങൾക്ക്  പള്ളിവിലക്ക്  പ്രഖ്യാപിച്ചു. എന്റെ അമ്മ പ്രസവിച്ച കുഞ്ഞ്  ന്യൂമോണിയ ബാധിച്ചു മരിച്ചപ്പോൾ കുഞ്ഞിനെ  പള്ളിസെമിത്തേരിയിൽ അടക്കം നിഷേധിച്ചു. ഞങ്ങളുടെ സ്വന്തം പറമ്പിൽത്തന്നെ ആ പിഞ്ചുമൃതശരീരം അടക്കം ചെയ്യേണ്ടിവന്നു. എന്റെ പിതാവും പള്ളിയും തമ്മിലുള്ള സമുദായികപ്പോര് ഞങ്ങൾ മക്കളെ സാരമായി ബാധിച്ചു. ഞങ്ങൾക്ക് പ്രർത്ഥനയില്ല, പള്ളിയില്ല, കുമ്പസാരമില്ല, കുർബാനയില്ല. പള്ളിച്ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നില്ല. ക്രിസ്ത്യാനികളായ ബന്ധുക്കൾ ഞങ്ങളെ കണ്ടാൽ മാറിനടക്കുന്ന അനുഭവമുണ്ടായി.' പുസ്തകത്തിലെ  ആദ്യത്തെ അദ്ധ്യായങ്ങൾ  തന്റെ  കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്. തുടർന്ന് കൊല്ലത്തെ പത്രപ്രവർത്തനരംഗത്തു സംഭവിച്ച വളർച്ചയെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. പിന്നീട് പല സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പത്രപ്രവർത്തകരുമായുള്ള ചങ്ങാത്തം സ്റ്റാൻലിയുടെ ജീവിതയാത്രയെത്തന്നെ പാടേ മാറ്റിമറിച്ചു. അങ്ങനെയാണ് എം. എൻ. ഗോവിന്ദൻനായരുടെ പ്രേരണയിൽ പ്രിന്റിംഗ്  ടെക്നോളജി പഠിക്കാൻ സ്റ്റാൻലി മദ്രാസിലേക്ക് പോകുന്നത്.
ഏറെ താമസിയാതെ പി. സ്റ്റാൻലിയുടെ താൽപര്യം സിനിമയിലേക്ക് പടർന്നു. തുടർന്ന് സംവിധായകൻ എ. വിൻസന്റിന്റെ സഹായിയായിക്കൂടി. പിന്നെ സിനിമയോടൊപ്പമായിരുന്നു സഞ്ചാരം. മാഷിന്റെ സഹായി ആയതോടെ നിരവധി ചലച്ചിത്രപ്രവർത്തകരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. വിൻസന്റ് മാഷിന്റെ 'നദി" ആയിരുന്നു സഹായിയായി പ്രവർത്തിച്ച ആദ്യചിത്രം. അതോടെ സ്റ്റാൻലി പൂർണ സിനിമാക്കാരനായി മാറുകയായിരുന്നു. സിനിമയുടെ വിചിത്രമായ കഥകളാണ് പിന്നീട് ഓർമ്മക്കുറിപ്പുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഓരോ സിനിമയുടെയും  പശ്ചാത്തലങ്ങളും അനുബന്ധ കഥകളും ഈ ഓർമ്മക്കുറിപ്പിനെ സമ്പന്നമാക്കുന്നു. തോപ്പിൽ ഭാസി, ശശികുമാർ തുടങ്ങിയ സംവിധായകരോടൊപ്പവും സ്റ്റാൻലി സഹസംവിധായകനായി പ്രവർത്തിച്ചു. സിനിമാ നിർമ്മാതാവിന്റെ വേഷത്തിലും സ്റ്റാൻലി എത്തി. 'വരദക്ഷിണ" ആയിരുന്നു ആദ്യത്തെ ചിത്രം. റാണിചന്ദ്രയും ജയഭാരതിയും പ്രേംനസീറുമായിരുന്നു താരങ്ങൾ. ഷൂട്ടിംഗ് കുറേ കഴിഞ്ഞപ്പോഴാണ് റാണിചന്ദ്ര വിമാനാപകടത്തിൽ മരിക്കുന്നത്. സുമിത്രയെ പകരക്കാരിയാക്കി ചിത്രം പൂർത്തിയാക്കി. വെല്ലുവിളികളെ നേരിട്ടായിരുന്നു ആദ്യത്തെ പ്രൊഡക്ഷനെങ്കിലും ചിത്രം വിജയിച്ചു. മോചനം, തീക്കളി, തൂവനത്തുമ്പികൾ തുടങ്ങിയ ചിത്രങ്ങൾ കൂടി സ്റ്റാൻലി നിർമ്മിച്ചു. മോഹൻലാലിന്റെ  മികച്ച പ്രകടനമായിരുന്നു തൂവാനത്തുമ്പികളെന്ന് സ്റ്റാൻലി വിശ്വസിക്കുന്നു. കുളത്തൂപ്പുഴക്കാരി സാലമ്മയെ വിവാഹം കഴിച്ചതോടെ സ്റ്റാൻലിയുടെ ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു. പാർട്ടിയും സിനിമയുമൊക്കെയായി ഓടിനടന്നപ്പോൾ ഉള്ള സ്വാതന്ത്ര്യം വിവാഹശേഷം കിട്ടിയെന്നു വരില്ലല്ലോ. ആ കാലത്തെക്കുറിച്ച് ഹൃദയസ്പർശിയായ ചില വരികൾ പുസ്തകത്തിൽ കാണാം.
മലയാളനാടും അതിന്റെ സാരഥി എസ്.കെ. നായരുമായുള്ള ബന്ധം സ്റ്റാൻലിയുടെ ജീവിതത്തിൽ അവിസ്മരണീയമായ ദിനങ്ങളാണ് സമ്മാനിച്ചത്. 'മറക്കാതിരിക്കാൻ ഒരു എസ്. കെ. യുഗമുണ്ട് എന്റെ മനസിൽ" എന്നാണ് സ്റ്റാൻലി കുറിക്കുന്നത്. തന്റെ ജീവിതത്തിൽ കടന്നുവന്ന പ്രധാനപ്പെട്ട വ്യക്തികളെയൊക്കെ പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. ഒരുതരം ശക്തമായ നൊസ്റ്റാൾജിയ ആ കുറിപ്പുകളിലൊക്കെ കാണാനാകുന്നുണ്ട്. ഭാര്യ സാലമ്മയുടെ മരണശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം എഴുത്തും വായനയുമായി കഴിയുന്നു. 'ഒരു വശത്ത് കാലം പെയ്തൊഴിയുന്ന മഹാദുരന്തങ്ങളുടെ പ്രവാഹം. മറുവശത്ത് നക്ഷത്രരാവുകളെ ആഘോഷിക്കുന്ന മഹാനഗരം." ഇന്നത്തെ അവസ്ഥയെക്കുറിച്ച് സ്റ്റാൻലി പരിതപിക്കുന്നു. എങ്കിലും ഒരു പഴമൊഴിയിൽ പിടിച്ച് അദ്ദേഹം ആശ്വസിക്കുന്നു: 'എല്ലാ നിരാശകൾക്കിടയിലും സാദ്ധ്യതകളുടെ ചെറുകണികകൾ അവശേഷിക്കുന്നുണ്ടാകും, അവ കാണാതിരിക്കാൻ മാത്രം കണ്ണിലെ വെളിച്ചം നഷ്ടപ്പെടാതിരുന്നാൽ മതി". നൂറനാട് ഉൺമ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില ₹ 200