mm-lawrance-sreedharan-pi

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരായ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. എം.എം ലോറൻസ് ഇനിയൊരു കമ്മ്യൂണിസ്റ്റുകാരനാവേണ്ട. പാർട്ടി അദ്ദേഹത്തെ അത്രത്തോളം പീഡിപ്പിച്ചിട്ടുണ്ടെന്നും ആശ പറഞ്ഞു. എം.എം ലോറൻസിന്റെ ജീനായതുകൊണ്ടാണ് തന്റെ മകൻ മിലൻ ആർ.എസ്.എസ് പ്രവർത്തകനായതെന്നും ആത്മീയ പാതയിലാണ് മിലൻ സഞ്ചരിക്കുന്നതെന്നും ആശ ലോറൻസ് കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

ആശാ ലോറൻസിന്റെ വാക്കുകൾ

അപ്പച്ചൻ ഫിലിപ്പ് എം പ്രസാദിനെ പോലെ വിപ്ലവം വിട്ടിട്ട് കുരിശും പിടിച്ച് നടക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. പക്ഷെ പാർട്ടി അപ്പച്ചനെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. അതൊക്കെ കണ്ടിട്ടാണ് ഞങ്ങൾക്ക് സി.പി.എമ്മിനോട് വെറുപ്പ് തോന്നിയത്. അപ്പച്ചൻ അടുത്ത ജന്മത്തിൽ കമ്മ്യൂണിസ്റ്റുകാരനാവേണ്ട. നീ പോടാ ബി.ജെ.പിയിലേക്ക് എന്നു പറഞ്ഞല്ല എന്റെ മകനെ ബി.ജെ.പിയിലേക്ക് വിട്ടത്. അവൻ ശരിക്കും ഒരു വിശ്വാസിയാണ്. ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴാണ് അയ്യപ്പനെ കാണണമെന്ന് അവൻ എന്നോട് പറയുന്നത്.

പതിനഞ്ചാം വയസിൽ പഠിത്തം ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയപ്പോൾ അപ്പച്ചന്റെ കുടുംബ പശ്ചാത്തലം എന്തായിരുന്നുവെന്ന് ഓർമ്മ വേണം. അന്ന് ആരും അപ്പച്ചനെ തടഞ്ഞതോ എതിർത്തതോയില്ല. തടഞ്ഞിരുന്നെങ്കിൽ അപ്പച്ചൻ കേൾക്കില്ലായിരുന്നു. അതേ ജീൻ തന്നെയാണ് മിലനും.

സി.പി.എമ്മിൽ ഞങ്ങൾ പ്രവർത്തിക്കാൻ പോയാൽ അവർ ഞങ്ങളെ കൂട്ടില്ല. ചെന്നില്ലെങ്കിൽ കുറ്റവും പറയും. കോൺഗ്രസിൽ മകനെ പരിചയപ്പെടുത്തി കൊണ്ടുനടന്ന് ഒരു സ്ഥാനത്ത് എത്തിക്കാൻ പറ്റും. ഈ പാർട്ടിയിൽ അങ്ങനെയൊരു കൊണ്ടു നടക്കലില്ല. പാർട്ടിയുടെ രീതി അനുസരിച്ച് ആരും സി.പി.എമ്മിലേക്ക് പോകില്ല. പരിചയപ്പെട്ട എത്രയോ നേതാക്കൾ മക്കളെ ഈ പാർട്ടിയിലേക്ക് വിടില്ലെന്ന് പറഞ്ഞിട്ടുണ്ട്.

ഇടതുമുന്നണി കൺവീനറൊക്കെ ആയിരുന്ന അപ്പച്ചനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തിയപ്പോഴും ഞങ്ങൾക്ക് ഒന്നും തോന്നിയിരുന്നില്ല. എന്നാൽ പാർട്ടിയിലെ സഖാക്കൾ എല്ലാം അപ്പച്ചനിൽ നിന്ന് അകന്നു. ആരും ഫോൺ പോലും വിളിക്കില്ലായിരുന്നു. അവർ അപ്പച്ചനെ ഒറ്റപ്പെടുത്തി. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ ദിവസവും ആദ്യത്തെ കോൾ കൺവീനറായിരുന്ന അപ്പച്ചനെയാണ് വിളിച്ചിരുന്നത്. ഇന്നത്തെ ഇടതു കൺവീനറെ മുഖ്യമന്ത്രി വിളിക്കുമെന്ന് പോലും തോന്നുന്നില്ല.

മിലന് ബി.ജെ.പി മെമ്പർഷിപ്പില്ല. അവൻ ആർ.എസ്.എസ് പ്രവർത്തകനാണ്. കുമ്മനം രാജേട്ടനുമായും നന്ദേട്ടനുമൊക്കെ ആയാണ് അവന് ബന്ധം. മുതിർന്നവരുമായുളള കൂട്ടുകെട്ട് അവന്റെ ജീവിതത്തിൽ എങ്ങനെയൊക്കെയോ വന്നിട്ടുണ്ട്. ചിതാനന്ദപുരി സ്വാമിയുടെ ശിഷ്യനാണ് അവൻ. കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ എന്റെ കൂടെ വരികയും അവിടെ നിൽക്കുകയും ചെയ്യാറുണ്ട്.

2012ൽ ഉമ്മൻചാണ്ടി സർക്കാരാണ് ദിവസ വേതനത്തിൽ എനിക്ക് സിഡ്കോയിൽ ജോലി ശരിയാക്കി തന്നത്. സിഡ്‌കോ നിറയെ അഴിമതിയാണ്. അവിടത്തെ ജീവനക്കാർക്ക് പലർക്കും കോടികളാണ് കമ്മിഷൻ കിട്ടിയിരുന്നത്. കമ്മിഷന് വേണ്ടി ജീവനക്കാർ തമ്മിൽ കയ്യാങ്കളി വരെ നടക്കുമായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിന്റെ പിറ്റേന്ന് അവിടത്തെ സി.ഐ.ടി.യുക്കാർ എന്റെ തലയ്‌ക്ക് പിടിച്ച് അടിച്ചാണ് അവിടെ നിന്ന് പുറത്താക്കിയത്. ഉമ്മൻചാണ്ടിയുടെ കെയർഓഫിൽ വന്നവർ ഇവിടെ ഇരിക്കേണ്ടയെന്നാണ് പറഞ്ഞത്. അവിടെ ഉദ്യോഗസ്ഥയായിരുന്ന കോടിയേരിയുടെ ഭാര്യാ സഹോദരിയും വൻ അഴിമതിയാണ് സ്ഥാപനത്തിൽ നടത്തികൊണ്ടിരുന്നത്.