rafale-

ന്യൂഡൽഹി : എല്ലാ വർഷത്തെയും പോലെ ഒക്ടോബർ എട്ടിന് ഇന്ത്യ, വ്യോമസേന ദിനമായി ആചരിക്കുമ്പോൾ ഇക്കുറി ഒരു പുതുമയുണ്ട്. കരുത്തരായ റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായതിന് ശേഷമുള്ള ആദ്യത്തെ വ്യോമദിനമാണിത് എന്നതാണ് ആ പ്രത്യേകത. വ്യോമദിനത്തിന്റെ ഭാഗമായ ഐ എ എഫിലെ പരേഡിൽ യുദ്ധവിമാനങ്ങൾ അഭ്യാസപ്രകടനങ്ങൾ നടത്താറുണ്ട്. ഇത്തവണ അഭ്യാസ പ്രകടനങ്ങളിൽ ഏവരും കാത്തിരിക്കുന്നത് റാഫേലിന്റെ പ്രകടനത്തെയാണ്. പ്രതീക്ഷയ്ക്കും അപ്പുറത്തെ പ്രകടനം പുറത്തെടുക്കാൻ റാഫേലിനാവും എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇന്ന് പുറത്ത് വന്നിട്ടുള്ളത്. വ്യോമസേനയുടെ ഹിൻഡൺ ബേസിൽ നടന്ന റിഹേഴ്സലിലെ റാഫേലിന്റെ പ്രകടനമാണ് വ്യോമസേന പുറത്ത് വിട്ടിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചുള്ള അഭ്യാസ പ്രകടനത്തിൽ 56 യുദ്ധവിമാനങ്ങളാണ് അണിനിരക്കുന്നത്. 19 യുദ്ധവിമാനങ്ങൾ, ഏഴ് ചരക്ക്/യുദ്ധേതര വിമാനങ്ങൾ, 19 ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയാണ് പരേഡിൽ പങ്കെടുക്കുന്നത്.

#WATCH Ghaziabad: Newly inducted #Rafale fighter aircraft on display during the full dress rehearsal of IAF Day parade at Hindon IAF base, ahead of the Indian Air Force Day on October 8 pic.twitter.com/tUPuIs552T

— ANI UP (@ANINewsUP) October 6, 2020

#WATCH Hindon Air Base (Ghaziabad): Flares fired by a fighter aircraft today during rehearsal of the Air Force Day parade to be held on October 8. pic.twitter.com/mEfK3cD08z

— ANI UP (@ANINewsUP) October 6, 2020

വ്യോമസേനാ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ രാജ്യത്തിന്റെ പരമാധികാരം കാക്കുന്നതിന് വ്യോമസേന പൂർണസജ്ജമാണെന്ന് ചീഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഇരു രാഷ്ട്രങ്ങളെ ഒരുമിച്ച് നേരിടാനുള്ള പ്രാപ്തി വ്യോമസേനയ്ക്കുണ്ടെന്നും അദ്ദേഹം ചൈനയുടേയും പാകിസ്ഥാന്റെയും പേര് പരാമർശിക്കാതെ അഭിപ്രായപ്പെട്ടു.

റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ 17ാം നമ്പർ സ്‌ക്വാഡ്രണിലേക്ക് ഉൾപ്പെടുത്തിയതോടെ സേനയ്ക്കുണ്ടായിരിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അംബാല ആസ്ഥാനമായുള്ള ഗോൾഡൺ ആരോസിലാണ് റാഫേലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 36 റാഫേൽ വിമാനങ്ങൾക്കാണ് ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്. അടുത്ത വർഷത്തോടെ എല്ലാ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാവും. ഇതിന് പുറമേ കൂടുതൽ റാഫാൽ വിമാനങ്ങൾക്ക് കേന്ദ്രം ഓർഡർ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.