kulbhooshan

ന്യൂഡൽഹി: ചാരവൃത്തി ആരോപിക്കപ്പെട്ട് പിടികൂടിയ ഇന്ത്യൻ പൗരനായ കുൽഭൂഷൺ യാദവിന് വേണ്ടി കേസ് വാദിക്കാൻ ഇന്ത്യൻ അഭിഭാഷകരെ അനുവദിക്കാതെ പാകിസ്ഥാൻ. വധശിക്ഷക്ക് വിധിക്കപ്പെട്ട കുൽഭൂഷണുവേണ്ടി ഇസ്ളാമാബാദ് ഹൈക്കോടതിയിൽ വാദിക്കാൻ പാകിസ്ഥാനിലെ അഭിഭാഷകരും തയ്യാറായില്ല. കോടതി മുതിർന്ന രണ്ട് അഭിഭാഷകരായ അബിദ് ഹസൻ മിന്റോയോടും,മഖ്ദൂം അലി ഖാനോടുമാണ് കുൽഭൂഷണ് വേണ്ടി വാദിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇരുവരും തയ്യാറായില്ല. അബിദ് ഹസൻ മിന്റോ തൊഴിലിൽ നിന്ന് വിരമിച്ചതായും മഖ്‌ദൂം അലിഖാൻ മ‌റ്റ് തിരക്കുകൾ ഉള‌ളതിനാലും കേസ് ഏ‌റ്റെടുക്കാനാകില്ലെന്ന് അറിയിച്ചു.

കുൽഭൂഷണ് വേണ്ടി വാദിക്കാൻ ഇന്ത്യയിൽ നിന്ന് തന്നെയുള‌ള അഭിഭാഷകനെ നിയമിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതല്ലാത്ത പക്ഷം ബ്രിട്ടീഷ് രാജ്ഞിയുടെ കോൺസലിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ ഈ രണ്ട് ആവശ്യവും പാകിസ്ഥാൻ തള‌ളിക്കളഞ്ഞു.

അതേസമയം അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാകിസ്ഥാൻ നടപ്പിലാക്കാൻ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കുൽഭൂഷൺ യാദവ് കേസിലെ പ്രധാന പ്രശ്‌നത്തിലേക്ക് പാകിസ്ഥാൻ ഇപ്പോഴും ശ്രദ്ധതിരിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ കഴിഞ്ഞയാഴ്‌ച വിമർശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനോ കുൽഭൂഷണ് നിയമ സഹായം നൽകാൻ ഇന്ത്യയെ അനുവദിക്കാനോ പാകിസ്ഥാൻ തയ്യാറായിട്ടില്ല. കുൽഭൂഷണ് അഭിഭാഷകരെ നിയമിക്കുന്ന കാര്യത്തിൽ ഇന്ന് ഇസ്ളാമാബാദ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വാദം കേൾക്കുന്നുണ്ട്.