fareed

കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യു എ ഇ ഭരണകൂടം അറസ്റ്റുചെയ്തെന്ന് എൻ ഐ എ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറുപ്രതികൾക്കെതിരെ ബ്ളൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചെന്നും സത്യവാങ്മൂലത്തിൽ എൻ ഐ എ പറയുന്നു. ഫൈസൽ ഫരീദ്, റബ്ബിൻസ് ഹമീദ്, സിദ്ദിക് അക്ബർ , അഹമദ് കുട്ടി, രതീഷ്, മുഹമ്മദ്‌ ഷമീർ എന്നിവർക്കുവേണ്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

സ്വർണക്കടത്തുകേസിലെ പ്രതികൾ കഴിഞ്ഞദിവസം സമർപ്പിച്ച ജാമ്യാപേക്ഷയ്ക്ക് എതിരായി സർപ്പിച്ച രേഖയിലാണ് യു എ ഇയിൽ നടന്ന അന്വേഷണത്തിന്റെ വിശദ വിവരങ്ങൾ എൻ ഐ എ ആദ്യമായി പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട് ഇരുവരും കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ എൻ ഐ എ തയ്യാറായിരുന്നില്ല. രണ്ട് രാജ്യങ്ങൾ തമ്മിലുളള സൗഹൃദാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടായെന്നും എൻ ഐ എ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെളിവുകൾ സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി എൻ ഐ എയോട് പറഞ്ഞിരുന്നു.സ്വർണക്കടത്ത് കേസിന്റെ മുഖ്യ അസൂത്രകർ മുഹമ്മദ് ഷാഫിയും റമീസും ആണെന്നും ഗൂഢാലോചന നടന്നത് ദുബായിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് വീണ്ടും രേഖപ്പെടുത്തുകയാണ്. ഇന്നലെയും സന്ദീപ് മജിസ്ട്രേറ്റിനുമുന്നിൽ മൊഴി നൽകിയിരുന്നു.