corporation
corporation

തിരുവവനന്തപുരം: തെരുവ് വിളക്ക് പ്രശ്നങ്ങൾ, കുടിവെള്ളം, ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയവ അപ്പപ്പോൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷനിൽ കമാൻഡ് കൺട്രോൾ സ്ഥാപിക്കുന്നു. തിങ്കളാഴ്ച സ്ഥാപിക്കുന്ന സെന്ററിന്റെ നിർമ്മാണം തുടങ്ങും. വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങൾ എന്നിവയുണ്ടാകുന്ന സമയത്ത് കേന്ദ്രീകൃത കൺട്രോൾ റൂമായും ഈ സെന്ററിന് പ്രവർത്തിക്കാൻ കഴിയുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. ഇതോടൊപ്പം പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനവും സാദ്ധ്യമാകും.

കാമറകൾ സ്ഥാപിക്കും

നഗരത്തിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള കാമറകളെ പിന്നീട് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ കാമറകളും സ്ഥാപിക്കുകയും ചെയ്യും. ഇതിലൂടെ ഗതാഗത കുരുക്കുകൾ, അപകടങ്ങൾ തുടങ്ങിയവ തത്സമയം തന്നെ അറിയാനാകും. സെൻസറുകൾ ഉള്ള കാമറയായതിനാൽ തന്നെ സാധാരണ കാമറകളെക്കാൾ മിഴിവേറിയതും വ്യക്തതയുള്ളതുമായ ദൃശ്യങ്ങൾ നൽകാൻ കഴിയും.

ട്രാഫിക് സംവിധാനം പരിഷ്കരിക്കും

സ്‌മാർട്ട് സിറ്റി പദ്ധതിക്ക് കീഴിലുൾപ്പെടുത്തി തലസ്ഥാനത്തെ ട്രാഫിക് സിഗ്നലുകൾ കാലോചിതമായി പരിഷ്‌കരിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി ഗതാഗത കുരുക്കിനെ തുടർന്നുള്ള വാഹനങ്ങളുടെ വഴി

തിരിച്ചുവിടലും മറ്റും സുഗമമായി നടപ്പാക്കാനാകും. പൊതുജനത്തിന് പാർക്കിംഗ് ഇടങ്ങൾ അറിയാനും വാഹനം പാർക്ക് ചെയ്യുന്നതിന് സ്ഥലം ബുക്ക് ചെയ്യാനുമുള്ള സൗകര്യവും ഒരുക്കും. ഇവയ്ക്കെല്ലാം കൂടി ഏകീകൃത പേയ്മെന്റ് സംവിധാനമായിരിക്കും ഒരുക്കുക. മാലിന്യ ശേഖരണവും നിർമ്മാർജ്ജനവും ഇതിന്റെ ഭാഗമായിരിക്കുമെന്ന് മേയർ പറഞ്ഞു.

കെട്ടിട നികുതി പിരിവ് ഊർജ്ജിതമാക്കും

നഗരസഭാ പരിധിയിലുള്ള കെട്ടിടങ്ങളുടെ നികുതി പിരിവ് ഊർജ്ജിതമാക്കാനും തീരുമാനിച്ചതായി ശ്രീകുമാർ പറഞ്ഞു. നഗരത്തിലെ ഭൂമി സംബന്ധിച്ച് കൂടുതൽ വിശദമായ ഭൂബാങ്ക് തയ്യാറാക്കും. നികുതി പിരിവിലുണ്ടാകുന്ന ചോർച്ച തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഭൂബാങ്ക് വിശദമായി തയ്യാറാക്കുന്നത്. ഇതിലൂടെ നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.