വീട്ടിലെ പടിക്കെട്ടിൽ നിന്നും വീണ് തലയ്‌ക്കേറ്റ പരിക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ രോഗി അവിടെ നിന്നും കൊവിഡ് പൊസിറ്റീവായി, തുടർന്ന് രണ്ടാഴ്ചയ്ക്കകം കൊവിഡ് നെഗറ്റീവായെന്ന് ആശുപത്രിയിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് അമ്പത്തഞ്ച് കാരന്റെ ശരീരം പുഴുവരിച്ചതായി ബന്ധുക്കൾ കണ്ടത്. ഏറെ കൊട്ടിഘോഷിക്കുന്ന കേരള ചികിത്സാമികവിന് ഒരു നിമിഷം കൊണ്ട് ഇടിവുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ഇരുപത് ദിവസത്തോളം കെട്ടിയിട്ടാണ് ചികിത്സിച്ചതെന്ന റിപ്പോർട്ടും പുറത്തുവന്നു. ദിവസങ്ങളോളം കെട്ടിയിട്ട ആ കൈകൾ താഴ്ത്താൻ പറ്റാത്ത അവസ്ഥയിലാണ്. വട്ടിയൂർക്കാവ് സ്വദേശീയായ അനിൽകുമാർ ഇപ്പോൾ പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊവിഡ് ചികിത്സരംഗത്ത് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം കൊട്ടിഘോഷിച്ച കേരളത്തിലെ ഒരു സംഭവമാണ് മുകളിൽ വിവരിച്ചത്. കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിച്ചതോടെ ആരോഗ്യരംഗത്തെ രോഗ പ്രതിരോധ നടപടികളിൽ വീഴ്ച തുടർക്കഥയാവുകയാണ്.

covid
COVID