
വെല്ലിംഗ്ടൺ: കൊവിഡ് രണ്ടാം തരംഗത്തെയും അതിജീവിച്ച ന്യൂസിലാൻഡ് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങുകയാണ്. പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് മുമ്പ് നൂറുദിവസം തുടർച്ചയായി ഒരൊറ്റ പുതിയ കേസുകളും റിപ്പോർട്ട് ചെയ്യാതിരുന്നതോടെ കൊവിഡ് മുക്തമായെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വൈറസിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്‌ലാൻഡ് ഉൾപ്പെടെയുള്ളയിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ന്യൂസിലൻഡ് പിൻവലിക്കുന്നത്. ഇന്ന് രാത്രിയോടെ നിയന്ത്രണങ്ങൾ നീക്കി ലെവൽ വൺ നിലവിൽ വരും.
തുടർച്ചയായ 10 ദിവസങ്ങളിൽ നഗരപരിധിയിൽ കൊവിഡ് ബാധയൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ നടപടി. ന്യൂസിലൻഡിൽ നാല് ലെവലുകളായാണ് കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. കൊവിഡ് ക്ലസ്റ്റർ ഇല്ലാതാകാൻ 95 ശതമാനം സാദ്ധ്യതയുണ്ടെന്നും ജസീന്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.