
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗവർണറെ ലക്ഷ്യമിട്ടു നടന്ന കാർ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ലാഗ്‌മാൻ പ്രവിശ്യയിലാണ് സംഭവം. അവിടത്തെ പ്രവിശ്യാ ഗവർണറായ റഹ്മത്തുള്ള യാർമലിനെയാണ് അക്രമികൾ ലക്ഷ്യം വച്ചത്. കൊല്ലപ്പെട്ടവരിൽ നാലുപേർ ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സൈനികരുൾപ്പെടെ 38 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണെന്ന വിവരവും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട വാർത്തയിൽ പറയുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളും ആക്രമണത്തിൽ തകർന്നു. ഗവർണർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടില്ല. താലിബാനും ഐ.എസിനും ശക്തമായ സാന്നിദ്ധ്യമുള്ള മേഖലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും സംഘടനയോ വ്യക്തിയോ ഏറ്റെടുത്തിട്ടില്ല.
ലാഗ്മാന്റെ അയൽ പ്രവിശ്യയായ നാങ്കാർഹറിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ബോംബാക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിസ്‌കാര സമയത്ത് ഒരു പള്ളിക്ക് മുന്നിലായിരുന്നു സ്ഫോടനം നടന്നത്.