nobel

സ്റ്റോക്ക്ഹോം : പ്രപഞ്ചത്തിൽ പ്രകാശത്തെ പോലും വിഴുങ്ങുന്ന ഗുരുത്വ ബലം കേന്ദ്രീകരിക്കുന്ന തമോഗർത്തത്തെ (ബ്ലാക്ക് ഹോൾ)​ പറ്റിയുള്ള കണ്ടെത്തലുകൾക്ക് ഒരു വനിത ഉൾപ്പെടെ മൂന്ന് ശാസ്‌ത്രജ്ഞർ ഇക്കൊല്ലത്തെ ഫിസിക്‌സ് നോബൽ സമ്മാനം പങ്കിട്ടു.

ബിട്ടനിലെ ഓക്സ്‌ഫോർഡ് സർവകലാശാലയിലെ ഗണിത - ഭൗതിക ശാസ്‌ത്ര പ്രൊഫസർ സർ റോജർ പെൻറോസ്,​ അമേരിക്കയിലെ കാലിഫോർണിയ സ‌ർവകലാശാലയിലെ പ്രൊഫസർ ആൻഡ്രിയ ഗെസ്,​ ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞൻ റീൻഹാ‌ർഡ് ഗെൻസൽ എന്നിവരാണ് സമ്മാനം നേടിയത്.

ഫിസിക്സ് നോബൽ നേടുന്ന നാലാമത്തെ വനിതയാണ് ആൻഡ്രിയ ഗെസ്. ഡോണ സ്‌ട്രിക്‌ലാൻഡ്,​ മരിയാ ഗെപ്പർട്ട് മേയർ,​ മേരീ ക്യൂറീ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ച വനിതകൾ.

ആൽബർട്ട് ഐൻസ്റ്റീൻ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിൽ തമോഗർത്ത പ്രതിഭാസം പ്രവചിച്ചത് ഗണിതശാസ്‌ത്ര ഉപാധികളിലൂടെ തെളിയിച്ച ബ്രിട്ടീഷ് ശാസ്‌ത്രജ്ഞൻ സർ റോജൻ പെൻറോസിന്റേതാണ് പ്രധാന കണ്ടുപിടിത്തം. സമ്മാനത്തുകയുടെ പകുതി അദ്ദേഹത്തിന് ലഭിക്കും.

മരിച്ച നക്ഷത്രങ്ങളുടെ ശവക്കുഴിയാണ് തമോഗർത്തം എന്ന് പറയാം. ഭീമൻ നക്ഷത്രങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന സ്ഫോടനം (സൂപ്പർ നോവ)​ തമോഗർത്തങ്ങളെ സൃഷ്ടിക്കുമെന്നും ആ സ്ഫോടനത്തിൽ,​ മുഴങ്ങുന്ന മണിയിൽ നിന്ന് ശബ്ദതരംഗങ്ങൾ എന്നപോലെ ഗുരുത്വ ബല തരംഗങ്ങൾ പ്രസരിക്കുമെന്നും ഐൻസ്റ്റീൻ പ്രവചിച്ചിരുന്നു. മണിമുഴക്കം ക്രമേണ നിലയ്‌ക്കും പോലെ ഈ ഗുരുത്വ തരംഗങ്ങളും നിലയ്ക്കും. ഐൻസ്റ്റീനിന്റെ തിയറി ശരിയാണെന്ന് റോജൻ പെൻറോസിന്റെ പഠനം തെളിയിച്ചു.

ക്ഷീരപഥത്തിലും തമോഗർത്തം

സൗരയൂഥം ഉൾപ്പെടുന്ന മിൽക്കി വേ നക്ഷത്രസമൂഹത്തിന്റെ മദ്ധ്യത്തിൽ നക്ഷത്രങ്ങളുടെ സഞ്ചാരപഥങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും അതീവ ഭാരവുമുള്ള ഒരു വസ്‌തു ഉണ്ടെന്നും അത് ഒരു തമോഗർത്തം ആണെന്നുമുള്ള കണ്ടെത്തലിനാണ് ആൻഡ്രിയ ഗെസും റീൻഹാ‌ർഡ് ഗെൻസലും സമ്മാനാർഹരായത്. സമ്മാനത്തുകയുടെ പകുതി ഇവർ പങ്കിടും.

ക്ഷീരപഥത്തിന്റെ നടുക്ക് തമോഗർത്തം ഉണ്ടെന്ന് അരനൂറ്റാണ്ടായി ശാസ്‌ത്രജ്ഞർ സംശയിച്ചിരുന്നു. സൂര്യന്റെ 40 ലക്ഷം മടങ്ങ് ഭാരമുണ്ട് ഇതിന്. നൂതന സാങ്കേതിക വിദ്യയുടെ അഭാവം കാരണമാണ് കണ്ടെത്താൻ വൈകിയത്. ഗെസും ഗെൻസലും ലോകത്തെ ഏറ്റവും വലിയ ടെലസ്‌കോപ്പുകൾ ഉപയോഗിച്ച് നക്ഷത്ര മണ്ഡലങ്ങളിലെ കടുത്ത വാതക മേഘങ്ങൾ പരിശോധിച്ചാണ് ഇതിൽ എത്തിച്ചേർന്നത്.

തമോഗർത്തം

ശൂന്യാകാശത്ത് ദ്രവ്യം തകർന്ന് ഉണ്ടാകുന്ന മേഖല

കൂറ്റൻ നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ച് തമോഗർത്തം ഉണ്ടാവും

ഭീമമായ ദ്രവ്യം ചെറിയ സ്ഥലത്ത്. അതിനാൽ ഗുരുത്വ ബലം ശക്തം