
ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിച്ച് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ടെസ്‌ല. കാറുകളിൽ ഇലക്ട്രിക് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ട്രക്കുകളിൽ ആയിക്കൂടാ ? മറ്റ് കമ്പനികൾ ഇലക്ട്രിക് കാറുകളെ പറ്റി ആലോചിച്ചപ്പോൾ മെക്കാനിക്കൽ എൻജിനിയർ കൂടിയായ തോമസ് ഹീലിയ്ക്ക് ഓർമ വന്നത് ഇലക്ട്രിക് ട്രക്ക് എന്ന ആശയമാണ്. പിന്നെ ഒന്നും നോക്കിയില്ല, അത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
തന്റെ ആശയത്തിന്റെ ഫലമായി ക്രമേണ യു.എസിലെ ടെക്സസ് ആസ്ഥാനമാക്കി ഒരു കമ്പനി ഹീലി സ്ഥാപിച്ചു. 2015ലായിരുന്നു അത്. പേര് ' ഹൈലിയോൺ '. ഹീലിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ സംരംഭം വളരാൻ തുടങ്ങി. കഴിഞ്ഞ മാസമാണ് ടോട്ടസ് അക്വസിഷൻ കോർപറേഷൻ എന്ന കമ്പനി ഹൈലിയോണിൽ ലയിച്ചത്. തുടർന്ന് ഹൈലിയോൺ ഹോൾഡിംഗ്സ് കോർപറേഷൻ എന്ന പേരിലാണ് ഹൈലിയോൺ അറിയപ്പെടുന്നത്.
ലോക വിപണിയിൽ പ്രവേശിച്ചയുടൻ ഹൈലിയോൺ ഹോൾഡിംഗ്സ് കോർപ്പറേഷന്റെ ഓഹരി വില ഉയരാൻ തുടങ്ങി. ടോട്ടസ് അക്വസിഷൻ കോർപറേഷന്റെ ഓഹരികൾ കഴിഞ്ഞ വെള്ളിയാഴ്ച 300 ശതമാനമായി ഉയർന്നിരുന്നു. ഇതോടെ ഹീലിയുടെ ആസ്തി 1.4 ബില്യൺ ഡോളറായി കുതിച്ചിരിക്കുകയാണ്. അതായത്, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരുടെ പട്ടികയിലേക്ക് പിറ്റ്സ്ബർഗ് സ്വദേശിയായ തോമസ് ഹീലി എന്ന 28 കാരനും കടന്നിരിക്കുകയാണ്.
തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇതെന്ന് ഹീലി പൂർണമായും വിശ്വസിക്കുന്നില്ല. താനും തന്റെ സംരംഭവും ഇന്ന് ഇത്രയും ഉയർന്ന പദവിയിലെത്തി നിൽക്കുന്നതിന് കാരണം തന്റെ ഭാഗ്യമാണെന്ന് ഹീലി പറയുന്നു. ട്രക്കുകളുടെ ലോകത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്ന് ഹീലി പറയുന്നു.