
ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഐ.പി.എൽ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ആന്ധ്രപ്രദേശുകാരൻ ഇടംകയ്യൻ പേസർ യാറ പൃഥ്വിരാജിനെ ടീമിലെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ്.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലുണ്ടായിരുന്ന യാറയെ ഇത്തവണ താരലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. നൈറ്റ് റൈഡേഴ്സിനായി സൺറൈസേഴ്സിനെതിരെ ആയിരുന്നു യാറ പൃഥ്വിരാജിന്റെ അരങ്ങേറ്റം. ഇപ്പോൾ സൺറൈസേഴ്സ് നായകനായ ഓസീസ് താരം ഡേവിഡ് വാർണറിന്റെ വിക്കറ്റെടുത്ത് അരങ്ങേറ്റം കൊഴുപ്പിക്കാനും പൃഥ്വിരാജിനായി.
ഈ സീസണിൽ സൺറൈസേഴ്സ് നിരയിലെത്തുന്ന മൂന്നാമത്തെ ഇടംകയ്യൻ പേസ് ബോളറാണ് യാറ . ടി. നടരാജൻ, ഖലീൽ അഹമ്മദ് എന്നിവരാണ് ടീമിലെ മറ്റ് ഇടംകയ്യൻമാർ. സൺറൈസേഴ്സിന്റെ വിദേശ താരം മിച്ചൽ മാർഷും ടൂർണമെന്റിനിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പകരം ടീമിലെടുത്ത വെസ്റ്റിൻഡീസ് നായകൻ ജാസൺ ഹോൾഡർ യു.എ.ഇയിലെത്തിയിട്ടുണ്ട്.