
19 വർഷം മുമ്പാണ് ഫ്രാൻസിസ്കോ ബെർനലും കുടുംബവും കാലിഫോർണിയയിലെ ലോസ്ആഞ്ചൽസിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിൽ അവർ വളരെയേറെ സന്തുഷ്ടരായിരുന്നു. എന്നാൽ വീട്ടിലെത്തി താമസം തുടങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം ആ വീടിനെ ചുറ്റിപ്പറ്റി എന്തോ അസ്വഭാവികത നിലനിൽക്കുന്നതായി അവർക്ക് തോന്നി. പിന്നീട് അന്വേഷിച്ചപ്പോഴാണ് ആ വീടിന്റെ ഭയപ്പെടുത്തുന്ന ഭൂതകാലം അവർ അറിഞ്ഞത്.

വർഷങ്ങൾക്ക് മുമ്പ് 1988 ൽ പത്ത് വയസുകാരിയായ ബാലതാരം ദാരുണമായി കൊല്ലപ്പെട്ടത് ഇതേ വീട്ടിൽ വച്ചായിരുന്നു. ആ ദുർമരണം നടന്ന് 13 വർഷങ്ങൾക്ക് ശേഷം 2001ലാണ് ബെർനൽ കുടുംബം അവിടെ താമസത്തിനെത്തിയത്. ' ജോസ് : ദ റിവഞ്ച് ' ഉൾപ്പെടെയുള്ള ഹോളിവുഡ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലൂടെയും ചുരുങ്ങിയ കാലയളവിൽ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു ജൂഡിത്ത് ബാർസി. കടുത്ത മദ്യപാനിയായിരുന്ന അച്ഛൻ ജോസഫ് ബാർസിയുടെ കൈകൊണ്ടാണ് ജൂഡിത്തും അമ്മ മരിയ വിറോവാക്സും കൊല്ലപ്പെട്ടത്.

ഹംഗറി വംശജരായ ജൂഡിത്തിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു. ജൂഡിത്തിനെയും അമ്മ മരിയേയും തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജോസഫും വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ജൂഡിത്തിന്റെയും മരിയയുടെയും മൃതദേഹങ്ങളിൽ പെട്രോളും ഒഴിച്ചിരുന്നു.

ജൂഡിത്തിന്റെ അപ്രതീക്ഷിത വിയോഗം അമേരിക്കയെ ഞെട്ടിച്ചിരുന്നു. മരിച്ച് 30 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ജൂഡിത്തിന്റെ ആത്മാവിന്റെ സാന്നിദ്ധ്യം ഈ വീട്ടിലുണ്ടെന്നാണ് ബെർനൽ കുടുംബം പറയുന്നത്. ക്വിബി എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന ' മർഡർ ഹൗസ് ഫ്ലിപ് ' എന്ന പരിപാടിയുടെ എപ്പിസോഡിലാണ് ബെർനൽ കുടുംബത്തിന്റെ വെളിപ്പെടുത്തൽ.

ബെർനൽ കുടുംബം ഇവിടെ താമസിച്ച് ദിവസങ്ങൾക്കകം തന്നെ അസ്വഭാവിക സംഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി. വീടിലെ ഗ്യാരേജിന്റെ വാതിൽ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്നത് അവർ ഭീതിയോടെ കണ്ടു. വീടിന്റെ പല ഭാഗത്തും എന്തോ അദൃശ്യ സാന്നിദ്ധ്യം പിന്തുടരുന്നതായി അവർക്ക് തോന്നി. ജൂഡിത്തിന്റെ മൃതദേഹം കണ്ടെത്തിയ അതേ മുറിയിൽ തന്നെയായിരുന്നു ഫ്രാൻസിസ്കോയുടെ മകൾ ഗാബി ബെർനൽ ഉറങ്ങിയിരുന്നത്. ഗാബി പതിവായി ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരാൻ തുടങ്ങി.

ഒടുവിൽ പ്രഗത്ഭരായ ഇന്റീരിയർ ഡിസൈനർമാരുടെ സഹായത്തോടെ വീട്ടിൽ മാറ്റങ്ങൾ വരുത്താൻ ബെർനൽ കുടുംബം തീരുമാനിച്ചു. മരിയയുടെ മൃതദേഹം കണ്ടെത്തിയ ഹാൾ, വീടിന്റെ പിറക് വശം, ഗാബിയുടെ മുറി എന്നിവിടങ്ങളിൽ മാറ്റം വരുത്തി. ഹാളിൽ ഉൾപ്പെടെ പെയിന്റിന്റെ നിറം മാറ്റുകയും കൂടുതൽ വെളിച്ചം കടക്കുന്ന തരത്തിലാക്കുകയും ചെയ്തു. കുടുംബ ഫോട്ടോകൾ ഉൾപ്പെടെയുള്ള അലങ്കാര വസ്തുക്കൾ ഹാളിൽ വച്ചു. ഫ്രഞ്ച് വിൻഡോകൾ സ്ഥാപിച്ചു. വീട്ടിൽ മനോഹരമായ പൂന്തോട്ടം നിർമിച്ചു. ഇതോടെ തങ്ങളുടെ വീട്ടിനോട് തങ്ങൾക്കുണ്ടായിരുന്ന ഭയം ഇല്ലാതായതായി ബെർനൽ കുടുംബം പറയുന്നു. വീട്ടിൽ നിലനിന്നിരുന്ന നെഗറ്റീവ് എനർജി ഇല്ലാതായി ഇവർ പറയുന്നു.