
ദുബായ് : ലിഫ്റ്റിൽ വച്ച് യുവതിയുടെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ച 25 കാരനായ പാകിസ്ഥാനി യുവാവിനെതിരെ ദുബായ് പ്രാഥമിക കോടതിയിൽ നടപടി തുടങ്ങി. 30കാരിയായ ഫിലിപ്പീൻസ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.
ഇന്റർനാഷണൽ സിറ്റിയിലുള്ള ഫ്ലാറ്റിലേക്ക് നടന്നുവരവെ യുവാവ് യുവതിയെ സമീപിക്കുകയായിരുന്നു. സംസാരിക്കാൻ ശ്രമിച്ചെങ്കിലും യുവതി ശ്രദ്ധിക്കാതെ നടന്നു പോവുകയായിരുന്നു. എന്നാൽ ഇയാളും യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. യുവതി ലിഫ്റ്റിലേക്ക് കയറുന്നതിനിടെ ഇയാൾ പിന്നാലെ ചെന്ന് ലിഫ്റ്റിനുള്ളിൽ കയറി.
തുടർന്ന് യുവതിയെ താൻ പ്രണയിക്കുന്നതായും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും ഇയാൾ പറഞ്ഞു. തന്റെ അടുത്ത് നിന്നും മാറി നിൽക്കാൻ യുവതി ഇയാളോട് ആവശ്യപ്പെടുകയായുരുന്നു. എന്നാൽ ഇയാൾ യുവതിയുടെ ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയായിരുന്നു.
ലിഫ്റ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തിയപ്പോൾ യുവതി ഓടി തന്റെ ഫ്ലാറ്റിലേക്ക് രക്ഷപ്പെടുകയും തുടർന്ന് ദുബായ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസിൽ ഒക്ടോബർ 19നാണ് വിധി.