
ടോക്കിയോ: ഇന്ത്യ- ചൈന അതിർത്തി തർക്കം നിലനിൽക്കെ, ഇന്ത്യ എല്ലായ്‌പ്പോഴും നിയമാധിഷ്ഠിത ലോകക്രമത്തിനായി നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ടോക്കിയോയിൽ നടക്കുന്ന ക്വാഡ് മന്ത്രിതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ജയ്ശങ്കർ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ- ചൈന അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ സാഹചര്യത്തിലായിരുന്നു ചൈനയുടെ പേരെടുത്തു പറയാതെ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
രാജ്യങ്ങളുടെ ദേശീയ ഐക്യത്തെയും പരമാധികാരത്തെയും ബഹുമാനിക്കുന്നതും തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാനുതകുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ ലോകക്രമത്തിനായാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ജയ്ശങ്കർ പറഞ്ഞു. കൊവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് സമാനചിന്താഗതിയുള്ള രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക, ജപ്പാൻ, ആസ്‌ട്രേലിയ, ഇന്ത്യ എന്നീ രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന അനൗദ്യോഗിക നയതന്ത്ര കൂട്ടായ്മയാണ് ക്വഡ്രിലേറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്. മേഖലയിൽ ചൈനയുടെ വർദ്ധിച്ച ഇടപെടലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ തുറന്നതും സ്വതന്ത്രവുമായ സാഹചര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്വാഡ് മന്ത്രിതല യോഗം നടന്നത്.
ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മറൈസ് പയ്ൻ, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മോട്ടെഗി, അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരും പങ്കെടുത്തു. കൊവിഡ് 19 വാക്സിന്റെ നിർമാണം, വിതരണം തുടങ്ങിയ കാര്യങ്ങളും 5ജി സാങ്കേതികത, തീവ്രവാദ വിരുദ്ധ പ്രവർത്തനം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളും വിദേശകാര്യ മന്ത്രിമാർ ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്കെതിരെ ചൈന ഉയർത്തുന്ന ഭീഷണിയും നേതാക്കൾ ചർച്ച ചെയ്യും. ഇന്ത്യ- ചൈന അതിർത്തി തർക്കം ആരംഭിച്ചതിന് ശേഷം, ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ വർഷം യു.എൻ പൊതുസഭയുടെ ഭാഗമായാണ് ക്വാഡ് നേതാക്കൾ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
ചൈന ആശങ്കയിൽ
ഇന്തോ-പസഫിക് മേഖലയിൽ സാന്നിദ്ധ്യം ഉറപ്പിക്കുന്ന ചൈനീസ് പട്ടാളത്തിനെതിരെയുള്ള ശക്തമായ കൈകോർക്കലായാണ് ചൈന ഈ ഗ്രൂപ്പിനെ കാണുന്നത്. അതിനാൽ തന്നെ ക്വാഡ് യോഗത്തെ ആശങ്കയോടെയാണ് ചൈന വീക്ഷിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രവും, പടിഞ്ഞാറൻ മധ്യ പസഫിക് സമുദ്രവും, ദക്ഷിണ ചൈനാ കടലും ഉൾപ്പെടുന്ന പ്രദേശമാണ് ഇന്തോ-പസഫിക് മേഖല. മേഖലയിൽ ചൈന പ്രാദേശികമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതിന് പുറമെ നിലവിലെ വ്യവസ്ഥകൾ മറികടന്ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗത്തേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങൾ തികച്ചും അപലപനീയമാണെന്നാണ് രാജ്യങ്ങൾ വിലയിരുത്തുന്നത്.
ദക്ഷിണ ചൈന കടലിനോട് ചേർന്ന് കിടക്കുന്ന വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, തായ്‌വാൻ, ബ്രൂണെ എന്നീ രാജ്യങ്ങൾക്കും ചൈന കടന്നുകയറ്റ ഭീഷണി ഉയർത്തുന്നുണ്ട്. അടുത്ത കാലത്തായി ചൈനയുടെ പ്രവർത്തനങ്ങളിൽ ജപ്പാനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സെൻകാകു ദ്വീപുകളുടെ അവകാശ തർക്കത്തിന്റെ പേരിൽ. ഇത് തങ്ങളുടേതാണെന്നാണ് ചൈനീസ് വാദം.