
പെൻസിൽവാനിയ: മാലിന്യം കൊണ്ടുപോകുന്ന വണ്ടിക്ക് മുകളിൽ കയറിയിരിക്കുന്ന അതിഥിയെ കണ്ട് ഭയന്നതിനെക്കാൾ അമ്പരന്നവരാണ് കൂടുതൽ. പെൻസിൽവാനിയയിലെ കിഡ്ഡർ ടൗൺഷിപ്പ് പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വണ്ടിക്ക് മുകളിലുണ്ടായിരുന്നത് ഒരു കരടി. വാൻ തട്ടിയെടുത്ത് സ്വന്തമാക്കിയത് പോലുള്ള ചിരി കണ്ടില്ലേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കരടി എങ്ങനെയാണ് വാഹനത്തിന് മുകളിലെത്തിയതെന്ന് ആർക്കും അറിയില്ല. കൂടുതൽ മാലിന്യം കിട്ടുമോയെന്നറിയാൻ കയറിയതാകണം എന്നാണ് പൊലീസ് മേലുദ്യോഗസ്ഥനായ വിൻസെന്റ് മുറോ കമന്റിട്ടിരിക്കുന്നത്. പ്രദേശത്ത് കരടികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നുവെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്. അമ്പരന്ന പോലെ ചിരിച്ചുകൊണ്ടിരിക്കുന്ന കരടിയുടെ ചിത്രം വൈറലായി.
മാലിന്യം നീക്കം ചെയ്യുന്ന കമ്പനി ചിരിക്കുന്ന കരടിയുടെ ചിത്രം ലോഗോയാക്കണം, കരടി വലിയ സന്തുഷ്ടനാണ്, അവനിത്തിരി തേൻ കൊടുക്കാമോ തുടങ്ങി അതിരസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. ഒരു മരത്തിന് സമീപം നിറുത്തിക്കൊടുത്തതോടെ കരടി സുരക്ഷിതമായി നിലത്തിറങ്ങിയെന്ന് പിന്നീട് പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.