
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയുന്നതിനുമായി കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങി ബി.ജെ.പി നേതാവ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ബി.ജെ.പി ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന് മുരളിയെ അറസ്റ്റ് ചെയ്തത്.
പാലക്കാട് എസ്.പി യുടെ നിര്‍ദേശ പ്രകാരം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും അശ്വിനില്‍ നിന്നും കണ്ടെത്തിയിരുന്നു. ആലത്തൂര്‍ സി.ഐ ബോബിന് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഐ.ടി ആക്ട് 67 ബി പ്രകാരം കേസ് എടുത്ത് റിമാന്‍ഡ് ചെയ്തു.
ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി 41 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 326 സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിവിധ പേരുകളുള്ള ഗ്രൂപ്പുകളില്‍ കൂടിയായിരുന്നു കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നത്. കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഡാര്‍ക് നെറ്റില്‍ അടക്കം കൊവിഡ് കാലത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. വാട്സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയം കുട്ടികളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചക്ക, ബിഗ് മെലണ്‍, ഉപ്പും മുളകും, ഗോള്‍ഡ് ഗാര്ഡന്, ദേവത, അമ്മായി, അയല്‍ക്കാരി, പൂത്തുമ്പി, കൊറോണ,സുഖവാസം തുടങ്ങിയ പേരുകളില്‍ ഇത്തരം ഗ്രൂപ്പുകളുണ്ട്. 400 ലേറെ അംഗങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ സജീവമായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.