
തിരുവനന്തപുരം: സനൂപിന്റെ കൊലപാതകത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി. കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ശാന്തമായ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
'നമ്മുടെ സംസ്ഥാനത്ത് നിർഭാഗ്യകരമായ സംഭവമാണ് ഈ കൊലപാതകത്തിലൂടെ ഉണ്ടായിട്ടുള്ളത്. നേരത്തെയും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. തൃശൂരിൽ സനൂപിനെ കുത്തികൊന്ന സംഭവം നമ്മുടെ ശാന്തമായ ജനജീവിതത്തെ തകര്‍ക്കാനുള്ള ശ്രമമായിട്ടാണ് കാണുന്നത്. ഇത്തരം നീചമായ പ്രവർത്തികളിൽ നിന്ന് പിന്തിരിയണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ആ ചെറുപ്പക്കാരൻ ജനങ്ങൾക്ക് പ്രിയങ്കരനാണ് എന്നാണ് വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞത്. അങ്ങനെയുള്ള പൊതുപ്രവർത്തകനെയാണ് ഇല്ലാതാക്കിയത്.' മുഖ്യമന്ത്രി പറഞ്ഞു.
'നാടാകെ കണ്ണീര് ഒഴുക്കുന്ന നിലയാണിപ്പോൾ.കൊലപാതകത്തിന് നേതൃത്വം കൊടുത്തവരെ പിടികൂടുക പൊലീസിന്റെ ദൗത്യമാണ് പ്രധാന പ്രതിയെ ഇതിനകം പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കാര്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത കപറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള കർക്കശമായ നടപടിയിലേയ്ക്ക് നീങ്ങും.എല്ലാവരും സമാധാനം സ്ഥാപിക്കുന്നതിൽ സഹകരിക്കണമെന്നാണ് ഈ അവസരത്തിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത് 'അദ്ദേഹം വ്യക്തമാക്കി.