novak-djokovic

പാരീസ് : ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഇത് 14-ാം തവണയാണ് സെർബിയൻ താരം റൊളാംഗ് ഗാരോയിൽ അവസാന എട്ടിൽ ഇടം പി‌ടിക്കുന്നത്. പ്രീ ക്വാർട്ടറിൽ റഷ്യൻ താരം കാരെൻ ഖചാനോവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് നൊവാക്ക് കീഴടക്കിയത്. സ്കോർ :6-4,6-3,6-3.

തുടർച്ചയായി ഏറ്റവും കൂടുതൽ തവണ(11) ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തുന്ന പുരുഷതാരമെന്ന റെക്കാഡ് മെച്ചപ്പെടുത്തിയ നൊവാക്ക് ക്വാർട്ടറിൽ ഡാനിയർ അൾട്ടമെയറും പാബ്ളോ ബുസ്തയും തമ്മിലുള്ള പോരാട്ടത്തിലെ ജേതാവിനെയാണ് നേരി‌ടുക. നൊവാക്കിന്റെ 47-ാമത് ഗ്രാൻസ്ളാം ക്വാർട്ടർ ഫൈനലാണിത്. 18-ാം ഗ്രാൻസ്ളാം കിരീടം ലക്ഷ്യമിട്ടാണ് ഈ 33കാരൻ എത്തിയിരിക്കുന്നത്.

മത്സരത്തിനിടെ നൊവാക്കിന്റെ കയ്യിൽനിന്ന് റാക്കറ്റ് തെറിച്ച് ലൈൻ അമ്പയറുടെ തലയിൽ തട്ടിയെങ്കിലും കാര്യമായ പരിക്കുണ്ടായില്ല. കഴിഞ്ഞ മാസം യു.എസ് ഓപ്പണിനിടെ ലൈൻ അമ്പയറുടെ മേൽ പന്തടിപ്പിച്ച് പരിക്കേൽപ്പിച്ചതിന് നൊവാക്കിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു.

കോളിൻസ്, കെനിൻ ക്വാർട്ടറിൽ

വനിതാ വിഭാഗത്തിൽ സീഡ് ചെയ്യപ്പെടാത്ത ഡാനിയേല കോളിൻസും ആസ്ട്രേലിയൻ ഓപ്പൺ ജേതാവ് സോഫിയ കെനിനും ക്വാർട്ടർ ഫൈനലിലെത്തി. ഫ്രഞ്ച് ഓപ്പണിന്റെ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ അറേബ്യൻ വനിതയായ ടുണീഷ്യക്കാരി ഒൻസ് ജബേയുറിനെ 6-4,4-6,6-4ന് കീഴടക്കിയാണ് കോളിൻസ് അവസാന എട്ടിലെത്തിയത്. അമേരിക്കൻ താരമായ കെനിൻ പ്രീ ക്വാർട്ടറിൽ ഫ്രഞ്ചുകാരി ഫിയോന ഫെറയെ 2-6,6-2,6-1ന് കീഴടക്കി.

ചരിത്രമെഴുതി നദിയ

ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ ക്വാളിഫയറായി നദിയ പൊഡോറോസ്ക പാരീസ് : യോഗ്യതാ റൗണ്ടിലൂടെ മെയിൻഡ്രോയിലെത്തിയ ശേഷം ഫ്രഞ്ച് ഓപ്പണിന്റെ സെമിയിൽ കടക്കുന്ന ആദ്യ വനിതാതാരമായി അർജന്റീനക്കാരി നദിയ പൊഡോറോസ്ക.ഇന്നലെ മൂന്നാം സീഡുകാരിയായ ഉക്രേനിയൻ താരം എലീന സ്വിറ്റോളിനയെ ക്വാർട്ടറിൽ 6-,6-4ന് അട്ടിമറിച്ചാണ് ലോക 131-ാം റാങ്കുകാരിയായ നദിയ ചരിത്ര നേട്ടത്തിലെത്തിയത്. 1968ൽ പ്രൊഫഷണൽ സർക്യൂട്ടിൽ ഉൾപ്പെടുത്തപ്പെട്ട ശേഷം ക്വാളിഫയിംഗ് റൗണ്ടിലൂടെവന്ന ഒരാൾ മാത്രമാണ് സെമിവരെയെത്തിയത്. 1997ൽ പുരുഷ സിംഗിൾസിൽ ബെൽജിയംകാരൻ ഫിലിപ്പ് ദിയോൾഫായിരുന്നു ആ അപൂർവനേട്ടത്തിനുടമ.

ഫ്രഞ്ച് ഓപ്പണിലും മാച്ച് ഫിക്സിംഗ്

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ ഡബിൾസ് മത്സരത്തിൽ ഒത്തുകളി നടന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ മാസം 30ന് റൊമേനിയയുടെ ആൻഡ്രിയ മിട്ടു- പട്രീഷ്യ മരിയ സഖ്യവും റഷ്യയുടെ യാനാസിസിക്കോവ-അമേരിക്കയുടെ മാഡിസൺ ബ്രിംഗ്ളീ സഖ്യവും തമ്മിലുള്ള മത്സരത്തെക്കുറിച്ചാണ് സംശയം ഉയർന്നത്.