
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വെെറസ് വ്യാപനം നിയന്ത്രിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളം കാട്ടിയ ജാഗ്രത വെറുതെയായില്ല. എന്നാൽ ബ്രേക്ക് ദ ചെയിൻ ചലഞ്ച് ശക്തമായി തുടരണമെന്നും ജാഗ്രത കുറവാണ് രോഗ വ്യാപനത്തിന് കാരണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണക്കുകൾ നോക്കിയാൽ കേരളം കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടിയും വെറുതെയായില്ലെന്ന് മനസിലാവും. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജാഗ്രതക്കുറവുണ്ടായാൽ രോഗികളുടെ എണ്ണം ദിവസവും വർദ്ധിക്കുമെന്നും മുഖ്യമന്തി മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും കൊവിഡ് രോഗ ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും നടപടി ശക്തമാക്കും.ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും കൊവിഡ് വന്നാൽ ചികിത്സയ്ക്കുള്ള സൗകര്യം ആവശ്യാനുസരണം ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ആഗസ്റ്റിൽ ഐ.സി.എം.ആർ നടത്തിയ സർവേ പ്രകാരം കേരളത്തിൽ 0.8 ശതമാനം ആളുകൾക്ക് മാത്രമാണ് കൊവിഡ് വന്ന് പോയത്. എന്നാൽ ദേശീയ തലത്തിൽ നടത്തിയ അതേപഠനത്തില്‍ 6.6 ശതമാനം പേർക്ക് രോഗം വന്ന് പോയതായി കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
അതസമയം കേരളത്തിൽ ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6910 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 4981 പേർ രോഗമുക്തി നേടി. 25 പേർക്ക് കൊവിഡ് ബാധിച്ച് മരിച്ചതായും കണ്ടെത്തി.