mm-lawrance

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരായ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. എം.എം ലോറൻസ് ഇനിയൊരു കമ്മ്യൂണിസ്റ്റുകാരനാവേണ്ട. പാർട്ടി അദ്ദേഹത്തെ അത്രത്തോളം പീഡിപ്പിച്ചിട്ടുണ്ടെന്നും ആശ പറഞ്ഞു. എം.എം ലോറൻസിന്റെ ജീനായതുകൊണ്ടാണ് തന്റെ മകൻ മിലൻ ആർ.എസ്.എസ് പ്രവർത്തകനായതെന്നും ആത്മീയ പാതയിലാണ് മിലൻ സഞ്ചരിക്കുന്നതെന്നും ആശ ലോറൻസ് 'ഫ്ളാഷി'നോട് പറഞ്ഞു.

അപ്പച്ചനെ പാർട്ടി പീഡിപ്പിച്ചു

അപ്പച്ചൻ ഫിലിപ്പ് എം. പ്രസാദിനെ പോലെ വിപ്ലവം വിട്ടിട്ട് കുരിശും പിടിച്ച് നടക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. പക്ഷെ പാർട്ടി അപ്പച്ചനെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. അതൊക്കെ കണ്ടിട്ടാണ് ഞങ്ങൾക്ക് സി.പി.എമ്മിനോട് വെറുപ്പ് തോന്നിയത്. അപ്പച്ചൻ അടുത്ത ജന്മത്തിൽ കമ്മ്യൂണിസ്റ്റുകാരനാവേണ്ട. ഇടതുമുന്നണി കൺവീനറൊക്കെ ആയിരുന്ന അപ്പച്ചനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്‌ത്തിയപ്പോഴും ഞങ്ങൾക്ക് ഒന്നും തോന്നിയിരുന്നില്ല. കാരണം ഏരിയ കമ്മിറ്റിയിൽ നിന്നാണല്ലോ അപ്പച്ചൻ കേന്ദ്രകമ്മിറ്റി വരെ എത്തിയത്.അതേസമയം, പാർട്ടിയിലെ സഖാക്കളെല്ലാം അപ്പച്ചനിൽ നിന്ന് അകന്നു. ആരും ഫോൺ പോലും വിളിക്കില്ലായിരുന്നു. അവർ അപ്പച്ചനെ ഒറ്റപ്പെടുത്തി. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ ദിവസവും ആദ്യത്തെ കോൾ കൺവീനറായിരുന്ന അപ്പച്ചനെയാണ് വിളിച്ചിരുന്നത്. ഇന്നത്തെ ഇടതു കൺവീനറെ മുഖ്യമന്ത്രി വിളിക്കുമെന്ന് പോലും തോന്നുന്നില്ല.

മിലന് സ്വന്തം നിലപാട്

നീ പോടാ ബി.ജെ.പിയിലേക്ക് എന്നു പറഞ്ഞല്ല എന്റെ മകനെ ബി.ജെ.പിയിലേക്ക് വിട്ടത്. അവൻ ശരിക്കും ഒരു വിശ്വാസിയാണ്. ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴാണ് അയ്യപ്പനെ കാണണമെന്ന് അവൻ എന്നോട് പറയുന്നത്. പതിനഞ്ചാം വയസിൽ പഠിത്തം ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയപ്പോൾ അപ്പച്ചന്റെ കുടുംബ പശ്ചാത്തലം എന്തായിരുന്നുവെന്ന് ഓർമ്മ വേണം. അന്ന് ആരും അപ്പച്ചനെ തടഞ്ഞതോ എതിർത്തതോയില്ല. തടഞ്ഞിരുന്നെങ്കിൽ അപ്പച്ചൻ കേൾക്കില്ലായിരുന്നു. അതേ ജീൻ തന്നെയാണ് മിലനും.

മക്കളെ പാർട്ടിയിലേക്ക് വിടാത്ത നേതാക്കൾ

സി.പി.എമ്മിൽ ഞങ്ങൾ പ്രവർത്തിക്കാൻ പോയാൽ അവർ ഞങ്ങളെ കൂട്ടില്ല. ചെന്നില്ലെങ്കിൽ കുറ്റവും പറയും. കോൺഗ്രസിൽ മകനെ പരിചയപ്പെടുത്തി കൊണ്ടുനടന്ന് ഒരു സ്ഥാനത്ത് എത്തിക്കാൻ പറ്റും. ഈ പാർട്ടിയിൽ അങ്ങനെയൊരു കൊണ്ടു നടക്കലില്ല. പാർട്ടിയുടെ രീതി അനുസരിച്ച് ആരും സി.പി.എമ്മിലേക്ക് പോകില്ല. പരിചയപ്പെട്ട എത്രയോ നേതാക്കൾ മക്കളെ ഈ പാർട്ടിയിലേക്ക് വിടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ 24 മണിക്കൂറും സജീവമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന പല നേതാക്കളുടെ മക്കളൊന്നും സി.പി.എമ്മിൽ ഇല്ലാത്തത്.

milan-lawrance

മിലൻ ആത്മീയതയിലേക്ക്

മിലന് ബി.ജെ.പി മെമ്പർഷിപ്പില്ല. അവൻ ആർ.എസ്.എസ് പ്രവർത്തകനാണ്. കുമ്മനം രാജേട്ടനുമായും നന്ദേട്ടനുമൊക്കെ ആയാണ് അവന് ബന്ധം. മുതിർന്നവരുമായുളള കൂട്ടുകെട്ട് അവന്റെ ജീവിതത്തിൽ എങ്ങനെയൊക്കെയോ വന്നിട്ടുണ്ട്. ചിദാനന്ദപുരി സ്വാമിയുടെ ശിഷ്യനാണ് അവൻ. കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ എന്റെ കൂടെ വരികയും അവിടെ നിൽക്കുകയും ചെയ്യാറുണ്ട്.

സിഡ്‌കോയിലെ ജോലി

2012ൽ ഉമ്മൻചാണ്ടി സർക്കാരാണ് ദിവസ വേതനത്തിൽ എനിക്ക് സിഡ്കോയിൽ ജോലി ശരിയാക്കി തന്നത്. സിഡ്‌കോ നിറയെ അഴിമതിയാണ്. അവിടത്തെ ജീവനക്കാർക്ക് പലർക്കും കോടികളാണ് കമ്മിഷൻ കിട്ടിയിരുന്നത്. കമ്മിഷന് വേണ്ടി ജീവനക്കാർ തമ്മിൽ കയ്യാങ്കളി വരെ നടക്കുമായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിന്റെ പിറ്റേന്ന് അവിടത്തെ സി.ഐ.ടി.യുക്കാർ എന്റെ തലയ്‌ക്ക് പിടിച്ച് അടിച്ചു. ഉമ്മൻചാണ്ടിയുടെ കെയർ ഓഫിൽ വന്നവർ ഇവിടെ ഇരിക്കേണ്ടയെന്നാണ് പാർട്ടിക്കാർ പറഞ്ഞത്. കഴിഞ്ഞ വർഷം ഏപ്രിൽ 19ന് ഇറങ്ങിയ കേസരി വാരികയിൽ ഞാനൊരു ലേഖനം എഴുതിയിരുന്നു. അതോടെയാണ് സിഡ്‌കോയിൽ നിന്ന് എന്നെ പുറത്താക്കുന്നത്. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിനെ തുടർന്ന് ഞാൻ മന്ത്രിയായ ഇ.പി.ജയരാജനെ പോയി കണ്ടിരുന്നു. പാർട്ടിയ്‌ക്ക് ക്ഷീണമുണ്ടായക്കിയത് കൊണ്ട് ജോലിക്കെടുക്കാൻ പറ്റില്ലെന്നും ഇത് പാർട്ടി തീരുമാനം ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്.