
തിരുവനന്തപുരം : ആരാധനാലയങ്ങളിൽ കർശന പ്രോട്ടോക്കോൾ പാലിച്ച് 20 പേർക്ക് പ്രവേശിക്കാം. അതേ സമയം, ചെറിയ ആരാധനാലയങ്ങളിൽ എണ്ണം കുറയ്ക്കണം. കൊവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിൽ ഓൺലൈൻ പ്രവേശനം നടത്താമെന്നും വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കും. ശരിയായ അർത്ഥത്തിൽ സാമൂഹിക അകലം പാലിക്കാനാവുന്ന രീതിയിൽ വിസ്തീർണമുള്ള കടകളിൽ അഞ്ചിലേറെ പേരെ പ്രവേശിപ്പിക്കാം. എന്നാൽ മറ്റിടങ്ങളിൽ നിയന്ത്രണം വേണം. വാഹനത്തിൽ അഞ്ചിലേറെ പേർ പാടില്ലെന്നതാണ് ഉചിതം. പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം പരമാവധി പാലിക്കണം.
കെട്ടിടം, റോഡ് നിർമാണം തുടങ്ങിയ ജോലികൾക്ക് അത്യാവശ്യം ജീവനക്കാർ മാത്രമേ പാടുള്ളൂ. ഫാക്ടറികളും മറ്റ് നിർമാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. സ്വകാര്യ ക്ലിനിക്കുകൾക്ക് തുറന്ന് പ്രവർത്തിക്കാം. സൂപ്പർ മാർക്കറ്റുകൾ, വസ്ത്രവ്യാപാര ശാലകൾ എന്നിവിടങ്ങളിൽ കയ്യുറ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.