
കഴിഞ്ഞ ദിവസം ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ 59 റൺസിന് തോൽപ്പിച്ച ഡൽഹി ക്യാപ്പിറ്റൽസിൽ നിന്ന് മാൻ ഒഫ് ദ മാച്ച് പുരസ്കാരം നേടിയത് 26 പന്തുകളിൽ 53 റൺസ് അടിച്ചുകൂട്ടിയ മാർക്കസ് സ്റ്റോയ്നിസോ നാലോവറിൽ 24 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയോ അല്ല ; നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ഇടംകയ്യൻ സ്പിന്നർ അക്ഷർ പട്ടേലാണ്. കൊഹ്‌ലിയെയോ ഡിവില്ലിയേഴ്സിനെയോ പുറത്താക്കിയില്ലെങ്കിലും പട്ടേലിനെ കളിയിലെ കേമനായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് ഒരേയൊരു കാര്യമാണ്, ഡോട്ട്ബാളുകൾ.
ഈ സീസണിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പട്ടേലിനെപ്പോലെ പിശുക്കുകാട്ടുന്ന മറ്റൊരു ബൗളറില്ല.ട്വന്റി-20 ഫോർമാറ്റിൽ ബാറ്റ്സ്മാർക്ക് റണ്ണെടുക്കാൻ കഴിയാത്ത പന്തുകൾ എറിയുക എന്നത് വലിയ വെല്ലുവിളിയാണ്. സാക്ഷാൽ വിരാട് കൊഹ്‌ലിക്കെതിരെ ആ വെല്ലുവിളി ധൈര്യപൂർവ്വം പവർപ്ളേയിൽ ഏറ്റെടുത്തതും അതിൽ വിജയം കണ്ടതുമാണ് അക്ഷറിനെ അവാർഡിനർഹനാക്കിയത്. ആരോൺ ഫിഞ്ചിനെയും മൊയീൻ അലിയെയും പുറത്താക്കിയ അക്ഷർ വിരാടിനെതിരെ എറിഞ്ഞത് 17 പന്തുകളാണ്. ഇതിൽ 10 എണ്ണവും ഡോട്ട്ബാളുകളായിരുന്നു.2017ന് ശേഷം വിരാട് ഇത്രയും ഡോട്ട്ബാളുകൾ വരുത്തുന്നത് അപൂവമാണ്. വേഗത്തിൽ വ്യത്യാസം വരുത്തിയും മിഡ്‌വിക്കറ്റിൽ ഫീൽഡറെവച്ചുമൊക്കെയാണ് അക്ഷർ കൊഹ്‌ലിയെ തടുത്തത്. ചേസിംഗിൽ ഡോട്ട്ബാളുകളുടെ എണ്ണം കൂടിയതിന്റെ സമ്മർദത്തിൽ പിന്നീട് വമ്പൻഷോട്ടുകൾക്ക് ശ്രമിച്ചപ്പോഴാണ് വിരാട് പുറത്തായതും.
പവർപ്ളേയിൽ റൺസ് വിട്ടുകൊടുക്കാതെ എതിരാളികളെ സമ്മർദ്ദത്തിലാക്കുക എന്നതാണ് അക്ഷർ പട്ടേലിന് കോച്ച് റിക്കി പോണ്ടിംഗ് നൽകിയിരിക്കുന്ന ടാസ്ക്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലായി 14 ഒാവറുകൾ എറിഞ്ഞ പട്ടേലിന്റെ ഇക്കോണമി റേറ്റ് 4.57 ആണ് . ഈ സീസണിലെ മികച്ച ഇക്കോണമി റേറ്റാണിത്. ആദ്യ പത്തോവറിനുള്ളിൽ പട്ടേലിന്റെ സ്പെൽ പൂർത്തിയാക്കി എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നത് മറ്റ് ബൗളർമാർക്ക് വിക്കറ്റെടുക്കാനുള്ള അവസരവുമൊരുക്കും. അമിത് മിശ്ര പരിക്കേറ്റ് പുറത്തായതോടെ ഡൽഹി നിരയിൽ അക്ഷർ പട്ടേലിന്റെ സ്ഥാനം സ്ഥിരമാകും. അശ്വിനെപ്പോലൊരു സൂപ്പർ സീനിയർ സ്പിന്നർ ഒപ്പമുള്ളതും തുണയാകും.