lic

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) അഞ്ചു ശതമാനം ഓഹരികൾ കേന്ദ്രസർക്കാർ വിറ്റഴിച്ചേക്കും. ഇതുവഴി 50,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയെ അടുത്ത ഫെബ്രുവരിക്കകം പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്തി ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യുകയാണ് കേന്ദ്ര ലക്ഷ്യം. ഘട്ടംഘട്ടമായി എൽ.ഐ.സിയുടെ 25 ശതമാനം വരെ ഓഹരികൾ കേന്ദ്രം വിറ്റഴിച്ചേക്കുമെന്നായിരുന്നു ആദ്യ സൂചനകൾ.

നിലവിലെ സമ്പദ്‌സാഹചര്യത്തിൽ, നിക്ഷേപകരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് വില്പന അഞ്ചു ശതമാനം ഓഹരികളിലേക്ക് ചുരുക്കുന്നത്. എന്നാൽ, ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

10 ശതമാനത്തിൽ താഴെ ഓഹരികൾ മാത്രം വിറ്റഴിക്കുന്നതിനാൽ, കാര്യമായ പ്രതിഷേധങ്ങളും കേന്ദ്രം പ്രതീക്ഷിക്കുന്നില്ല. സ്വകാര്യവത്കരണ നീക്കം ഇല്ലാത്തതിനാലും എൽ.ഐ.സിയുടെ നിലവിലെ ശക്തമായ വിപണിവിഹിതം തുടരുമെന്നതിനാലും പ്രതിഷേധങ്ങൾ ഉണ്ടാവില്ലെന്ന് സർക്കാർ കരുതുന്നു.

₹2.1 ലക്ഷം കോടി

പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പു സാമ്പത്തിക വർഷം (2020-21) 2.1 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം. ഇതിൽ മുഖ്യപങ്കും പ്രതീക്ഷിക്കുന്നത് എൽ.ഐ.സി., ബി.പി.സി.എൽ എന്നിവയുടെ ഓഹരി വില്പനയിൽ നിന്നാണ്.