
സ്റ്റോക്‌ഹോം : ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. റോജർ പെൻറോസ്, റെൻഹാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ മൂന്ന് ശാസ്ത്രജ്ഞർ ചേർന്നാണ് പുരസ്കാരം പങ്കിട്ടിരിക്കുന്നത്. താമോഗർത്തങ്ങൾ അഥവാ ബ്ലാക്ക് ഹോൾസിനെ സംബന്ധിച്ച പഠനങ്ങൾക്കാണ് അംഗീകാരം. 10 മില്യൺ സ്വീഡിഷ് ക്രോണറാണ് സമ്മാന തുക.
യു.കെയിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ റോജർ പെൻറോസിനാണ് സമ്മാനതുകയുടെ പകുതി ലഭിക്കുന്നത്. മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്ട്രാടെറസ്ട്രിയൽ ഫിസിക്സിലെ ( ജർമനി ) റെൻഹാഡ് ഗെൻസൽ, കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ആൻഡ്രിയ ഗെസ് എന്നിവർക്ക് ബാക്കി പകുതി തുക വീതിച്ച് നൽകും.