pic

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ട പൊലീസുകാർക്ക് ബഹുമതിയായി നൽകാനിരുന്ന ‘കൊവിഡ് വോറിയർ’ എന്ന് രേഖപ്പെടുത്തിയ പതക്കത്തിന് പണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബഹ്റ സർക്കുലർ പുറത്തിറക്കി. ബാഡ്ജ് ആവശ്യമുള്ള പൊലീസുകാർ 100 രൂപ വീതം നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്. കേരള പൊലീസിൽ ഏകദേശം 52,000 ത്തോളം ഉദ്യാഗസ്ഥരാണ് കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്നത്. പുതിയ സർക്കുലർ പ്രകാരം ഇവർക്ക് പതക്കം വാങ്ങണമെങ്കിൽ 52 ലക്ഷം രൂപയോളം സ്വന്തമായി ചെലവാക്കേണ്ടിവരും. 30 ദിവസത്തിലേറെ കൊവിഡ് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് റാങ്ക് വ്യത്യാസമില്ലാതെ കൊവിഡ് പതക്കം ബഹുമതിയായി നൽകുമെന്നായിരുന്നു ഡിജിപി ഓഗസ്റ്റ് 17ൽ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. എന്നാൽ പുതിയ സർക്കുലർ പ്രകാരം പതക്കം പണം നൽകി വാങ്ങാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്തെ ഇമെയിൽ റജിസ്റ്റർ ചെയ്യുകയോ സി.ഐയെ ബന്ധപ്പെടുകയോ ചെയ്യണം.

ലുധിയാനയിലെ സ്വകാര്യ കമ്പനിയിൽനിന്നാണ് കൊവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്ത പൊലീസുകാർക്കായി സർക്കാർ പതക്കം വാങ്ങിയത്. ഇവ യൂണിറ്റിനു 100രൂപയ്ക്കു വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ബഹുമതിയായി നൽകുന്ന പതക്കം പണം നൽകി വാങ്ങേണ്ട കാര്യമുണ്ടോയെന്നാണ് പൊലീസുകാർ ചോദിക്കുന്നത്.

പതക്കം വാങ്ങാൻ സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തതിനാലാണ് പൊലീസുകാരിൽ നിന്നും വാങ്ങാൻ തീരുമാനിച്ചതെന്നും പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ പറയുന്നു. താൽപര്യമുള്ളവർ മാത്രം വാങ്ങിയാൽ മതിയെന്നും പുറത്തെ കടകളിൽനിന്ന് വാങ്ങുന്നതിന് അനുവാദമുണ്ടെന്നും അധികൃതർ വ്യക്തമാക്കി പ്രളയസമയത്തും പതക്കം വിതരണം ചെയ്യാൻ സർക്കാരിനോട് പണം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് സ്വന്തം കയ്യിൽനിന്നും പതക്കം വാങ്ങാൻ നിർദേശിച്ചതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.