mumbai-indians

അബുദാബി : രാജസ്ഥാൻ റോയൽസിനെ 57റൺസിന് തകർത്ത് തരിപ്പണമാക്കി ആറ് മത്സരങ്ങളിൽ നിന്ന് എട്ടുപോയിന്റുമായി മുംബയ് ഇന്ത്യൻസ് ഐ.പി.എൽ പട്ടികയിൽ ഒന്നാമതെത്തി.

ഇന്നലെ ആദ്യം ബാറ്റുചെയ്ത മുംബയ് ഇന്ത്യൻസ് 193/4 എന്ന സ്കോറിലെത്തിയപ്പോൾ രാജസ്ഥാൻ 18.1 ഓവറിൽ 136 റൺസിന് ആൾഔട്ടാവുകയായിരുന്നു. സഞ്ജു സാംസൺ (0) അടക്കമുള്ള മുൻനിര ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ പുറത്താകലുകളാണ് രാജസ്ഥാനെ തുടർച്ചയായ മൂന്നാം തോൽവിയിലേക്ക് നയിച്ചത്.

സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് (47പന്തുകളിൽ പുറത്താകാതെ 79 റൺസ് ), ഹാർദിക് പാണ്ഡ്യ (19 പന്തുകളിൽ പുറത്താകാതെ 30 റൺസ് ),രോഹിത് ശർമ്മ (35) ക്വിന്റൺ ഡി കോക്ക് (23) എന്നിവരുടെ ബാറ്റിംഗാണ് മുംബയ്ക്ക് മാന്യമായ സ്കോർ നൽകിയത്.

ടോസ് നേടിയ മുംബയ് ഇന്ത്യൻസ് ബാറ്റിംഗിനിറങ്ങുകയായിരുന്നു.നായകൻ രോഹിത് ശർമ്മയും (35) ക്വിന്റൺ ഡി കോക്കും (23)ചേർന്ന് നന്നായി​ തുടങ്ങി​യെങ്കി​ലും അധി​കദൂരം മുന്നോട്ടുപോകാനായി​ല്ല. അഞ്ചാം ഓവറി​ന്റെ അഞ്ചാം പന്തി​ൽ ഡി​ കോക്കി​നെയാണ് ആദ്യം നഷ്ടമായത്. തന്റെ ഐ.പി​.എൽ അരങ്ങേറ്റ ഓവറി​ൽ കാർത്തി​ക് ത്യാഗി​യാണ് ഡി​കോക്കി​നെ പുറത്താക്കി​യത്. ഷോർട്ട് ബാളി​ൽ ഉയർത്തി​യടി​ക്കാൻ ശ്രമി​ച്ച ഡി​ കോക്കി​നെ കീപ്പർ ബട്ട്‌ലർ പി​ടി​കൂടുകയായിരുന്നു.15 പന്തുകൾ നേരി​ട്ട ഡി കോക്ക് മൂന്ന് ഫോറും ഒരു സിക്സുമടിച്ചു.

തുടർന്നിറങ്ങിയ സൂര്യകുമാർ യാദവ് രോഹതിനൊപ്പം സ്കോർ ബോർഡ് മുന്നോട്ടുനീക്കി. പത്താം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ശ്രേയസ് ഗോപാൽ രോഹിതിനെയും ഇഷാൻ കിഷനെയും (0) പുറത്താക്കിയത് മുംബയ്ക്ക് ക്ഷീണമായി.23 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടിച്ച രോഹിതിനെ തെവാത്തിയ പിടികൂടിയപ്പോൾ ഇഷാൻ സഞ്ജുവിനാണ് ക്യാച്ച് നൽകിയത്. ഇതോടെ മുംബയ് 88/3 എന്ന നിലയിലായി.

തുടർന്ന് ഒരറ്റത്ത് സൂര്യകുമാർ പൊരുതിയെങ്കിലും മുംബയ് റൺറേറ്റിൽ വലിയ കുതിപ്പുണ്ടായില്ല. 14-ാം ഓവറിൽ ക്രുനാൽ പാണ്ഡ്യ (12) ആർച്ചറുടെ പന്തിൽ ശ്രേയസിന് ക്യാച്ച് നൽകി കൂടാരം കയറി. പകരമിറങ്ങിയ അനിയൻ പാണ്ഡ്യ ഹാർദിക്കിന് തുടക്കത്തിൽ വമ്പൻ ഷോട്ടുകൾ പായിക്കാൻ കഴിഞ്ഞില്ല.എന്നാൽ നേരിട്ട 33-ാമത്തെ പന്തിൽ അർദ്ധസെഞ്ച്വറിയിലെത്തിയശേഷം സൂര്യകുമാർ യാദവ് ഗിയർ മാറ്റാൻ ശ്രമിച്ചു. ഹാർദിക്കിന്റെ പിന്തുണയുമായപ്പോൾ 18-ാം ഒാവറിൽ അവർ 150 കടന്നു.അവസാന രണ്ട് ഒാവറുകളിൽ 32 റൺ​സ് കൂടി​ ഇരുവരും അടി​ച്ചുകൂട്ടി​.

11 ഫോറുകളും രണ്ട് സിക്സുമാണ് സൂര്യകുമാർ നേടിയത്. ഹാർദിക് രണ്ടു ഫോറും ഒരു സിക്സുമടിച്ചു. അവസാന ഏഴോവറിൽ 76 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

മറുപടിക്കിറങ്ങിയ രാജസ്ഥാന് കണ്ണടച്ചുതുറക്കും മുമ്പ് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. ആദ്യ ഒാവറിലെ രണ്ടാം പന്തിൽതന്നെ യശ്വസി ജയ്സ്വാളിനെ ട്രെന്റ് ബൗൾട്ട് കീപ്പറുടെ കൈയിലെത്തിച്ചപ്പോൾ രണ്ടാം ഒാവറിൽ ബുംറ സ്റ്റീവൻ സ്മിത്തിനെയും (6)അടുത്ത ഒാവറിൽ ബൗൾട്ട് സഞ്ജുവിനെയും (0) lകൂടാരം കയറ്റുകയായി​രുന്നു. സ്മി​ത്ത് കീപ്പർ ക്യാച്ച് നൽകി​യപ്പോൾ സഞ്ജു ഷോർട്ട് പി​ച്ച് ബാൾ പുൾ ചെയ്യാൻ ശ്രമി​ച്ച് മി​ഡോണി​ൽ രോഹി​തി​ന് ഈസി​ ക്യാച്ച് സമ്മാനി​ക്കുകയായി​രുന്നു. ഇതോടെ മുംബയ് 12/3 എന്ന നിലയിലായി. തുടർന്ന് ബട്ട്‌ലർ(44 പന്തുകളിൽ 70 റൺസ്, നാലുഫോറും അഞ്ച് സിക്സും) പൊരുതിനോക്കിയെങ്കിലും ലാംറോർ(11) ടീം സ്കോർ 42ൽ വച്ച് പുറത്തായി. 98ലെത്തിയപ്പോൾ പൊള്ളാഡിന്റെ ക്യാച്ചിൽ ബട്ട്‌ലറുടെ പോരാട്ടവും അവസാനിച്ചു. പിന്നീട് രാജസ്ഥാന്റെ വിക്കറ്റുകൾ ഒന്നൊന്നായി പൊഴിഞ്ഞുവീണു.

മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ 20 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബൗൾട്ടും പാറ്റിൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാഹുൽ ചഹറിനും പൊള്ളാഡിനും ഒാരോ വിക്കറ്റ് ലഭിച്ചു.

കൊൽക്കത്ത Vs ചെന്നൈ

രാത്രി 7.30 മുതൽ

പോ​​​യി​​​ന്റ് ​​​നില

(​​​ ​​​ടീം​​​ ,​​​ക​​​ളി​​​ ,​​​ജ​​​യം,​​​തോ​​​ൽ​​​വി,​​​പോ​​​യി​​​ന്റ് ​​​ക്ര​​​മ​​​ത്തി​​​ൽ​​​ )

​​ മും​​​ബ​​​യ് ​ 6​​​-4-2​​​-8
ഡ​​​ൽ​​​ഹി​​​ ​ 5​​​-4​​​-1-​​​ 8
ബാം​​​ഗ്ളൂ​​​ർ​ 5​​​-3​​​-2​​​-6
കൊ​​​ൽ​​​ക്ക​​​ത്ത​ 4​​​-2​​​-2​​​-4
ചെ​​​ന്നൈ​​​ ​​​ 5​​​-2​​​-3​​​-4
ഹൈ​​​ദ​​​രാ​​​ബാ​​​ദ് ​​​ 5​​​-2​​​-3​​​-4
രാ​​​ജ​​​സ്ഥാ​​​ൻ​​​ ​ 5​​​-2​​​-3​​​-4
​​പ​​​ഞ്ചാ​​​ബ് 5​​​-1​​​-4​​​-2