
ലക്നൗ: ഉത്തർപ്രദേശിലെ ഹാഥ്രസിൽ കൂട്ടമാനഭംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ വൻ വഴിതിരിവ്. ആക്രമണത്തിനിരയായ പെൺകുട്ടിയും കേസിലെ മുഖ്യപ്രതിയായ സന്ദീപ് സിംഗും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡെയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
രേഖകൾ പ്രകാരം 104 തവണയാണ് പെൺകുട്ടിയും സന്ദീപും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടത്. 2019 ഒക്ടോബർ 13 മുതൽ പെൺകുട്ടിയുടെ സഹോദരന്റെ പേരിലുളള ഫോൺ നമ്പറിൽ നിന്നും മുഖ്യപ്രതി സന്ദീപിന് നിരന്തരം കോളുകൾ വന്നിരുന്നതായി യു.പി പൊലീസ് പറയുന്നു. ഫോൺരേഖകൾ പ്രകാരം 62 തവണ സന്ദീപിന്റെ ഫോണിലേക്കും 42 രണ്ട് തവണ തിരിച്ചുവിളിച്ചിട്ടുണ്ട്. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയും മുഖ്യപ്രതി സന്ദീപും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമാണെന്നും പൊലീസ് പറയുന്നു.
സെപ്റ്റംബർ 14നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റിയിരുന്നുവെങ്കിലും സെപ്റ്റംബർ 29ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെയുളള വിവിധ സംഘടനകൾ യു.പി സർക്കാരിനെതിരെ രംഗത്ത് വന്നു.