sushanth-singh-

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയെയും മുംബയ് പൊലീസിനെയും അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷമായ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. മുംബയ് പൊലീസിന്റെ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര പൊലീസിന്റെ സൈബർ ക്രൈം ബ്രാഞ്ചുമാണ് അന്വേഷണം നടത്തുക.

സംഭവത്തിൽ ബി.ജെ.പിയും മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സർക്കാരിനെയും സുശാന്തിന്റെ മരണം അന്വേഷിക്കുന്ന മുംബയ് പൊലീസിനെയും താറടിച്ച് കാണിക്കാൻ സംഘടിത നീക്കം നടന്നുവെന്ന് കമ്മീഷണർ പരംബീർ സിംഗിന് നൽകിയ റിപ്പോർട്ടിൽ മുംബയ് പൊലീസിന്റെ സൈബർ യൂണിറ്റ് വ്യക്തമാക്കിയിരുന്നു. ഒമ്പത് രാജ്യങ്ങളിൽനിന്നായി കുറഞ്ഞത് 80,000 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതിനായി നിർമിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജൂലായ് 14 നാണ് നടൻ മരിച്ചത്. അതേ ദിവസം തന്നെയാണ് അക്കൗണ്ടുകൾ പൊട്ടിമുളച്ചത്. ഇറ്റലി, ജപ്പാൻ, പോളണ്ട്, സ്ലൊവേനിയ, ഇന്തോനേഷ്യ, തുർക്കി, തായ്ലാന്റ്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളാണ് അക്കൗണ്ടുകളുടെ ഉറവിടം. വ്യാജൻമാർക്കെതിരേ നടപടിയെടുക്കാൻ മുംബയ് പോലീസ് കമ്മീഷണർ ഉത്തരവിട്ടു. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.