
ജനീവ : ഈ വർഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള ഒരു വാക്സിൻ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേസ്യൂസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടു നിന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന് അവസാനം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' നമുക്ക് വാക്സിനുകൾ വേണം. ഈ വർഷാവസാനത്തോടെ നമുക്ക് ഒരു വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്... പ്രതീക്ഷയുണ്ട്..! ' ടെഡ്രോസ് അദനോം പറഞ്ഞു. എന്നാൽ ഇതേ പറ്റി അദ്ദേഹം കൂടുതൽ വിശദമാക്കിയില്ല.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് വാക്സിൻ ഫെസിലിറ്റി പ്രകാരം ഒമ്പത് വാക്സിനുകളുടെ പരീക്ഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി വാക്സിൻ ഡോസുകൾ ലോകമെമ്പാടുമെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.