covid

ജനീവ : ഈ വർഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള ഒരു വാക്സിൻ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേസ്യൂസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടു നിന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന് അവസാനം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമുക്ക് വാക്സിനുകൾ വേണം. ഈ വർഷാവസാനത്തോടെ നമുക്ക് ഒരു വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്... പ്രതീക്ഷയുണ്ട്..! ' ടെഡ്രോസ് അദനോം പറഞ്ഞു. എന്നാൽ ഇതേ പറ്റി അദ്ദേഹം കൂടുതൽ വിശദമാക്കിയില്ല.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് വാക്സിൻ ഫെസിലിറ്റി പ്രകാരം ഒമ്പത് വാക്സിനുകളുടെ പരീക്ഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി വാക്സിൻ ഡോസുകൾ ലോകമെമ്പാടുമെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വാക്സിൻ എത്തിക്കഴിഞ്ഞാൽ ലോകത്തെ എല്ലാവരിലേക്കും അതെത്താൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യു.എസ് കമ്പനി ഫൈസറും ജർമൻ ഫാർമസ്യൂട്ടിക്കലായ ബയോൺടെകും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ, ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ, മോഡേണ, ഓക്സ്ഫഡ് - ആസ്ട്രാസെനക, ചൈനയുടെ സിനോഫാം തുടങ്ങിയ കൊവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലാണ്.

ഇതുവരെ നടത്തിയ പഠനങ്ങളിലെല്ലാം ഇവ സുരക്ഷിതമാണെന്നും മനുഷ്യരിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമായി കണ്ടെത്തിയിട്ടുണ്ട്. 11 വാക്സിനുകളുടെ പരീക്ഷണമാണ് ചൈനയിൽ മാത്രം നടക്കുന്നത്. ഇതിൽ നാലെണ്ണത്തിന്റെ മനുഷ്യരിലുള്ള ട്രയൽ അവസാന ഘട്ടത്തിലാണ്. ജൂൺ അവസാനത്തോടെ തന്നെ ചൈനീസ് ഭരണകൂടം പരീക്ഷണം പൂർത്തീകരിച്ചിട്ടില്ലാത്ത സിനൊഫാം വാക്സിന്റെ അടിയന്തിര ഉപയോഗം ആരംഭിച്ചിരുന്നു. റഷ്യ സ്പുട്നിക് വാക്സിന്റെ ഉപയോഗം ആരംഭിച്ചെങ്കിലും സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടില്ലാത്തതിനാൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.