
കോയമ്പത്തൂർ : പതിനഞ്ചു വയസുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയി വിവാഹം കഴിച്ച പതിനേഴുകാരൻ പൊലീസിന്റെ പിടിയിൽ. കോയമ്പത്തൂരിലാണ് സംഭവം. ഉക്കടം സ്വദേശിയായ കൗമാരക്കാരനെയാണ് സുന്ദരാപുരം സ്വദേശിനിയായ പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് പോയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട് വിട്ട ഇരുവരും ആദ്യം ചെന്നൈയിലേക്കാണെത്തിയത്. അവിടെ വച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രായം മറച്ചുവച്ച് ഇരുവരും വിവാഹിതർ ആവുകയായിരുന്നു. തുടർന്ന് ഇരുവരും ഉക്കടത്തേക്ക് തിരിച്ചെത്തി. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
ഇരുവരെയും സ്റ്റേഷനിലെത്തിച്ച ശേഷം ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി. ഇരുവർക്കും പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ വിവാഹം നിയമപരമല്ലെന്ന് അറിയിച്ച പൊലീസ് പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പതിനേഴുകാരനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ സ്കൂളിലേക്ക് അയച്ചു.