rhea

മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയുടെ ജാമ്യപേക്ഷയിൽ മുംബയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. സുശാന്തിന് ലഹരിമരുന്നു ലഭ്യമാക്കാൻ ഇടപെട്ടെന്ന കുറ്റത്തിന് സെപ്തംബർ 9നായിരുന്നു റിയ അറസ്റ്റിലായത്.

റിയയും സഹോദരൻ ഷൊവിക്കും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിന് ലഭ്യമാക്കിക്കൊടുക്കുകയായിരുന്നുവെന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ലഹരിമരുന്ന് ഉപയോഗിച്ചതിനേക്കാൾ ഗുരുതര കുറ്റമാണ് ഇതിനായി പണം ചെലവഴിക്കുന്നത്. ലഹരിമരുന്ന് സിൻഡിക്കേറ്റിലെ സജീവ അംഗമാണ് റിയ എന്നാണ് എൻ.സി.ബി വെളിപ്പെടുത്തിയത്.

മുംബയിലെ അപ്പാർട്മെന്റിൽ ജൂൺ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. റിയ സുശാന്തിനെ മാനസികമായി തളർത്തിയെന്ന് നടന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. നടന്റെ പണം അപഹരിച്ചെന്നും മരണത്തിൽ പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മുംബയ് പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോൾ സി.ബി.ഐയാണ് അന്വേഷിക്കുന്നത്.