
ന്യൂഡൽഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്‍.ഡി.എയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ന്യൂഡൽഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണു ജഗന്‍ മോദിയെ കണ്ടത് എന്നതാണ് ശ്രദ്ധേയം.
ലോക്‌സഭയില്‍ 20 അംഗങ്ങളാണ് വൈഎസ്.ആര്‍ കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളുടെ യോഗവും ഇന്ന് ചേര്‍ന്നു.ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ എന്‍.ഡി.എയിലേക്കു കൂടുതല്‍ കക്ഷികളെ കൊണ്ടുവരുന്നതിനു ബി.ജെ.പി നീക്കംനടത്തുന്നതായി സൂചനകള്‍ പുറത്തുവന്നിരുന്നു.
ഉടന്‍ നടക്കാന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം ഉറപ്പുനല്‍കിയാണ് മുന്നണിയിലേക്കുള്ള ബി.ജെ.പിയുടെ ക്ഷണമെന്നാണു വിവരം. എന്‍.ഡി.എയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പിയുടെ പുനഃപ്രവേശന നീക്കങ്ങള്‍ക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്. ജഗനെതിരെയുള്ള സി.ബി.ഐ കേസുകള്‍ ഒതുക്കുന്നതിനാണു ബി.ജെ.പിയുമായി കൂട്ടുകൂടുന്നതെന്നു ചന്ദ്രബാബു നായിഡു ആരോപിച്ചു.
കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.
ആന്ധ്രയില്‍ കോണ്‍ഗ്രസ് തകര്‍ന്നതും ടി.ഡി.പി ദുര്‍ബലമായതും അനുകൂലഘടകമെന്നു ബി.ജെ.പി കരുതുന്നു. ബി.ജെ.പിയുടെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങള്‍ വ്യത്യസ്തമാണെന്നതും ഇരുപാര്‍ട്ടികളെയും ഒരുമിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. ബി.ജെ.പി ഹിന്ദുവോട്ടുകളെ ലക്ഷ്യംവയ്ക്കുമ്പോള്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വോട്ടുകളാണു വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ശക്തി.