
ഒരു കാലത്ത് മലയാള സിനിമയിൽ പ്രണയവർണ്ണങ്ങൾ വാരിവിതറി ആരാധകരുടെ മനം കവർന്ന നടനാണ് കുഞ്ചാക്കോ ബോബൻ. കാലം ഏറെ കടന്നിട്ടും പ്രണയവും നർമവും ഒക്കയായി ചാക്കോച്ചൻ തന്റെ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നിലനിറുത്തി വരികയാണ്. ഇപ്പോൾ ആരാധകരുടെ പ്രിയ ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം ശ്രദ്ധേയമാവുകയാണ്.
മുടിവെട്ടി പുത്തൻ ലുക്കിലുളള ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചത്. " ആഫ്റ്റർ ലോങ്ങ്.... ദ ചോപ്പ്ഡ് ചാക്കോച്ചൻ, (മുടി വെട്ടി ...അയ്‌നാണ് ) "എന്ന തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു. " എന്നാ ലുക്ക് ആണ് ഭായ്.. മമ്മൂക്കാക്ക് ഒരു എതിരാളി ആവോ" എന്ന് തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് ചാക്കോച്ചന്റെ ചിത്രത്തെ തേടി വന്നത്.
ആരാധകർക്ക് പിന്നാലെ സഹപ്രവർത്തകരായ താരങ്ങൾ കൂടി ചിത്രത്തിന് കമന്റുമായി എത്തിയതോടെ സംഭവം പൊടിപൊടിച്ചു. " മുടിയിൽ ആയിരുന്നു ബാഡ്മിന്റൺ കോർട്ടിലെ ശക്തി മുഴുവൻ ..!! ഇനി കുഴപ്പമില്ല.. ഈ ആഴ്ച കളിക്കാൻ വാ.. ശരിയാക്കിത്തരാം." എന്നായിരുന്നു മിഥുൻ മാനുവൽ തോമസിന്റെ കമന്റ്. ."ചക്കരെ.... വായോ.... ഇനി കോർട്ടിൽ ചോര വീഴും." എന്നായിരുന്നു ഇതിന് ചാക്കോച്ചന്റെ മറുപടി. രമേശ് പിഷാരടി, വിനയ് ഫോർട്ട്,സൂരജ് തേലക്കാട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന് കമന്റ് ചെയ്തു.