
ബെർലിൻ: യു.എ.ഇയിലെയും ഇസ്രയേലിലേയും വിദേശകാര്യമന്ത്രിമാർ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിമാരായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദും ഗാബി അഷ്‌കെനാസിയുമാണ് ജർമ്മൻ തലസ്ഥാനത്ത് വച്ച് കൂടികാഴ്ച നടത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹസ്തദാനം നൽകുന്നതിന് പകരമായി ഇരു നേതാക്കളും കെെമുട്ടുകൾ കൂട്ടിമുട്ടിച്ചാണ് പരസ്പരം സൗഹൃദം പങ്കുവച്ചത്.
സെപ്റ്റംബർ 15നാണ് യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി യു.എസിന്റെ മധ്യസ്ഥതയിൽ ഒപ്പുവയ്ക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അന്ന് അമേരിക്കയിൽ എത്തിയത്.തുടർന്ന് ട്രംപിന‍്റെ മധ്യസ്ഥതയിൽ ചേർന്ന ചർച്ചയിലാണ് ഇസ്രായേലുമായി യു.എ.ഇ പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇതിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടികാഴ്ച നടത്തുന്നത്.