
തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘർഷം അകറ്റാനുള്ള പരിശീലനത്തിന് പോക്സോ കേസുകളിൽ പ്രതിയായ ആൾ ക്ലാസെടുത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.പി.പി.പ്രകാശിനാണ് അന്വേഷണ ചുമതല.
കൗൺസിലിംഗ് വെബിനാർ റിസോഴ്സ് പേഴ്സണായി പങ്കെടുത്ത വ്യക്തി പോക്സോ കേസിൽ പ്രതിയാണെന്ന വിവരം വകുപ്പിന് അറിയില്ലായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. കൗണ്‍സിലിംഗിനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ് ഡോ. കെ ഗിരീഷ്.
വൊക്കേഷണൽ ഹയർ സെക്കൻററിയുടെ കരിയർ ഗൈഡൻസ് ആൻറ് കൗണ്‍സിലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ ക്ലിനിക്കൽ സൈക്കോളിസ്റ്റെന്ന നിലയിലാണ് ഇയാൾ പങ്കെടുത്തത്.
കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിലായിരുന്നു വെബിനാർ.വെബിനാറിൽ സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായി ഗിരീഷ് ക്ലാസെടുത്തു. ഇയാൾക്കെതിരായ രണ്ടു കേസുകളിൽ തിരുവനന്തപുരം പോക്സോ കോടതിയിൽ വിചാരണ തുടരുന്നതിനിടെയാണ് പുതിയ സംഭവം.