pocso-case

നീലേശ്വരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിനെതിരെ നിർണായക തെളിവ്. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡി.എൻ.എ പരിശോധന ഫലത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണെന്ന് വ്യക്തമായത്.

ഭ്രൂണാവശിഷ്ടത്തിലെ ഡി.എൻ.എയും പെൺകുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെയുള്ള പ്രതികളുടെ ഡി.എൻ.എയും പരിശോധിച്ചിരുന്നു. കേസന്വേഷണത്തിന്റെ തുടക്കത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.

അന്നത്തെ നീലേശ്വരം സി.ഐ പി.ആർ മനോജിനു നൽകിയ മൊഴിയിൽ ഭ്രൂണം വീടിനു പിറകിൽ കുഴിച്ചിട്ട വിവരം പെൺകുട്ടിയുടെ പിതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. ഒന്നാം പ്രതിയാണ് പെൺകുട്ടിയുടെ പിതാവ്. ഗർഭഛിദ്രം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിലുള്ളത്. ഡോക്ടർമാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു.