corruption-

പുത്തൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സ്‌പെഷൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ. പവിത്രേശ്വരം വില്ലേജ് ഓഫീസർ അഞ്ചാലുംമൂട് സ്വദേശി എസ്. വിശ്വേശരൻപിള്ള, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ എഴകോൺ അമ്പലത്തുംകാല സ്വദേശിനി കെ. മിനി എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് രണ്ടരയോടെയായിരുന്നു സംഭവം.

പരാതിക്കാരനായ സജിയുടെ അഞ്ച് സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാൻ രണ്ടുതവണ വില്ലേജ് ഓഫീസർ 500 രൂപ കൈക്കൂലി വാങ്ങിയിരുന്നു .എന്നിട്ടും പോക്കുവരവ് ചെയ്തില്ല. വീണ്ടും 500 രൂപ കൂടി അവശ്യപ്പെട്ടു. ഈ വിവരം ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകി. തുടർന്ന് വിജിലൻസിന്റെ നിർദ്ദേശ പ്രകാരം ചൊവ്വാഴ്ച സജി വില്ലേജ് ഓഫീസിലെത്തി 500 രൂപ നൽകി. പണം സ്‌പെഷ്യൽ വില്ലേജ് ഓഫീസർക്ക് കൈമാറാൻ ഓഫീസർ അറിയിച്ചതിനെ തുടർന്ന് സജിയിൽ നിന്ന് പണം കൈപ്പറ്റി. കാത്തുനിന്ന വിജിലൻസ് സംഘം ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു.

കൊല്ലം വിജിലൻസ് ആന്റി കറപ്ഷൻ ഡിവൈ.എസ്.പി കെ. അശോക് കുമാർ, സി.ഐ സുധീഷ്, എസ്.ഐ മാരായ ഹരിഹരൻ, സുനിൽ, ഫിലിപ്പോസ്, എ.എസ്.ഐമാരായ അജയഘോഷ്, സരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.