
ലക്നൗ: ഹാഥ്രസിൽ പത്തൊൻപതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിശദീകരണവുമായി ഉത്തർപ്രദേശ് പൊലീസ് രംഗത്തെത്തി. പെൺകുട്ടി രണ്ട് പ്രാവശ്യം മൊഴിനൽകിയെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ആദ്യത്തെ മൊഴിയിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് പറഞ്ഞുവെന്നും രണ്ടാമത്തെ മൊഴിയിലാണ് ബലാത്സംഗം നടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആശുപത്രി മാറ്റാൻ പെൺകുട്ടിയുടെ രക്ഷിതാക്കൾ അനുവദിച്ചില്ലെന്നും പൊലീസ് പറയുന്നുണ്ട്. പെൺകുട്ടി മാനഭംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് നേരത്തേ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയത്.
അതിനിടെ പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ സംസ്കരിച്ചത് സാമുദായിക സംഘർഷം ഒഴിവാക്കി ക്രമസമാധാനം നിലനിറുത്താനാണെന്ന് യു.പി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി സംസ്കാരം നടത്തിയത്. പിറ്റേദിവസം ബാബ്റി മസ്ജിദ് കേസിൽ വിധി പ്രഖ്യാപിക്കുന്നതിനാൽ ജില്ല അതീവ ജാഗ്രതയിലായിരുന്നു. ഇതിന് പിന്നാല പെൺകുട്ടി കൊല്ലപ്പെട്ട സംഭവം ജാതി, സമുദായ സംഘർഷത്തിന് ഇടയാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഇരയുടെയും പ്രതികളുടെയും സമുദായങ്ങൾ പ്രക്ഷോഭവുമായി ഗ്രാമത്തിൽ ഒത്തുകൂടാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല. നിക്ഷിപ്ത താത്പര്യക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും സർക്കാർ പറഞ്ഞു.കേസിൽ സി.ബി.ഐ അന്വേഷണം കോടതി മേൽനോട്ടത്തിലാകണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. കേസന്വേഷണത്തിന് നിയോഗിച്ച എസ്.ഐ.ടി സംഘം ഇന്ന് സർക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.