
തിരുവനന്തപുരം : യുവജനങ്ങളെ വഴിതെറ്റിക്കുന്ന വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ പൊലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹിയായ നെയ്യാറ്റിൻകര പി. നാഗരാജാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ കേസെടുത്ത പൊലീസ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരിക്കുകയാണ്. ശ്രീലക്ഷ്മിയുടേതായ 25 യൂട്യൂബ് വീഡിയോകളുടെ വിവരങ്ങളും ലിങ്കുകളുമടക്കമാണ് നാഗരാജ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ശ്രീലക്ഷ്മിക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ഏറെ ചർച്ചയായ വിജയ് പി നായരെ ആക്രമിച്ച വനിത സംഘത്തിനൊപ്പം ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു. സ്ത്രീകൾക്കെതിരെ നിരന്തരം യൂട്യൂബ് വീഡിയോകളിലൂടെ അശ്ളീല സംഭാഷണം നടത്തിയിരുന്ന സൈക്കോളജിസ്റ്റ് വിജയ് പി നായരെയാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വനിതാസംഘം ആക്രമിച്ചത്. പൊലീസിൽ നിരന്തരം പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് അശ്ളീല യൂട്യൂബറെ വനിതസംഘം നേരിടാൻ തീരുമാനിച്ചത്. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ വിജയ് പി നായരുടെ യൂട്യൂബ് ചാനൽ പൂട്ടിക്കുകയും, ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കയ്യേറ്റം ചെയ്ത വനിതകൾക്കെതിരെയും പൊലീസ് കേസുണ്ട്.
അതേസമയം വിജയ് പി നായരുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡോക്ടറേറ്റ് ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണിത്.