ചുരുണ്ട മുടി പെൺകുട്ടികൾക്ക് പലപ്പോഴും ആത്മവിശ്വാസക്കുറവ് സൃഷ്ടിക്കാറുണ്ട്. അവർക്ക് സുരക്ഷിതമായി മുടി നിവർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളിതാ...
ചുരുണ്ട മുടി നിവർത്താൻ പാൽ ഏറ്റവും സഹായകരമാണ്. പഴയ ഒരു സ്പ്രേക്കുപ്പിയിൽ പാൽ നിറച്ച ശേഷം അത് ഉണങ്ങിയ തലമുടിയിലേക്ക് സ്പ്രേ ചെയ്യാം. മുടിയിഴകളിലേക്ക് പാൽ ആഗിരണം ചെയ്യപ്പെടുന്നതിനായി അരമണിക്കൂർ അനുവദിക്കണം. ഇനി ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ മുടി കഴുകിക്കോളൂ. വ്യത്യാസം നിങ്ങൾക്കു തന്നെ മനസിലാകും.
ഒരു കപ്പ് പാലിൽ തേൻ ചേർത്ത് പേസ്റ്റു രൂപത്തിലാക്കണം. അൽപ്പം കൂടി കൊഴുപ്പ് ലഭിക്കാൻ ഈ മിശ്രിതത്തിൽ വാഴപ്പഴവും അരച്ചു ചേർക്കാം. വാഴപ്പഴം മുടിയിലെ ഈർപ്പം നിലനിറുത്താൻ സഹായകരമാണ്. ഈ പേസ്റ്റ് തലമുടിയിൽ പുരട്ടി ഒരു മണിക്കൂർ കാത്തിരിക്കാം. മിശ്രിതം നന്നായി ഉണങ്ങിയ ശേഷ മാത്രം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തേങ്ങാപ്പാലും നാരങ്ങാനീരും ഉപയോഗിച്ചും മുടിചുരുൾ നിവർത്താം. ഒരു കപ്പിൽ തേങ്ങാപ്പാലെടുക്കുക. ഇതിലേക്ക് ഒരു മുറി നാരങ്ങയുടെ നീരു ചേർത്ത് നന്നായി ഇളക്കണം. ഈ കൂട്ട് അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ഇനി ഇത് മുടിയിൽ തേയ്ക്കണം. അതിനു ശേഷം ഡ്രൈയർ ഉപയോഗിച്ച് ഒരു ടവ്വൽ ചൂടാക്കി മുടി മുഴുവൻ മൂടത്തക്ക വിധത്തിൽ കെട്ടി വയ്ക്കാം. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി നോക്കൂ. ചുരുളുകൾ നിവർന്നു മൃദുലമായ മുടി സ്വന്തമാകും.
ഒരു മുട്ടയുടെ വെള്ളയിൽ ഒരു കപ്പ് മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർക്കുക. കുറുകിയ കുഴമ്പുപരുവത്തിലാകാൻ അൽപ്പം വെള്ളവും ചേർക്കാം. ഈ മിശ്രിതം മുടികളിൽ പുരട്ടിയ ശേഷം പല്ലകലമുള്ള ഒരു ചീർപ്പുപയോഗിച്ച് ചീകണം. ഒരു മണിക്കൂറിനു വെള്ളം ഉപയോഗിച്ച് ശേഷം മുടി കഴുകാം. ഇനി മുൻപ് പറഞ്ഞ പോലെ അൽപ്പം പാലു കൂടി സ്പ്രേ ചെയ്ത് 15 മിനിട്ടിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കോളൂ. മുടി നിവരുമെന്നു മാത്രമല്ല കെട്ടുപിണയാതെ മനോഹരമായി മുടി ഒതുക്കിവയ്ക്കാനും നിങ്ങൾക്കു സാധിക്കും.
ഒലിവ് ഓയിൽ ഉപയോഗിച്ചും ചുരുൾ നിവർത്താം. രണ്ടു മുട്ടയെടുത്ത് ഉടച്ച ശേഷം അതിൽ ആവശ്യത്തിന് ഒലിവ് ഓയിൽ ചേർക്കുക. ഇവ നന്നായി അടിച്ച് കലർത്തണം. മുടിയിഴകൾ പൂർണ്ണമായി മൂടത്തക്ക വിധത്തിൽ ഈ മിശ്രിതം പുരട്ടാം. മുക്കാൽ മണിക്കൂറിനു ശേഷം ഷാംപു ഉപയോഗിച്ച് കഴുകാം. ചുരുളുകൾ നിവർന്ന് മുടി മനോഹരമാകും.