car-parking-

തിരുവനന്തപുരം : ഗതാഗത തിരക്കിൽ വീർപ്പുമുട്ടുന്ന തിരുവനന്തപുരം നഗരത്തിന് ആശ്വാസമായി ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. നമ്മുടെ നാട്ടിൽ പുതുതായി എത്തിയ ഈ സാങ്കേതിക സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അമൃതം, സ്മാർട്ട് സിറ്റി പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നഗരത്തിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം സജ്ജമാക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാർക്കിംഗ് മാനേജിംഗ് സിസ്റ്റം, ജനറേറ്റർ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാനാവും.

പാർക്ക് ചെയ്യേണ്ടത് ഇങ്ങനെ

മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിൽ ഡ്രൈവർക്ക് വാഹനം സ്വയം പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാം ഓട്ടോമാറ്റിക്കാണ്.

1. പാർക്കിംഗ് കേന്ദ്രത്തിനു മുന്നിലെത്തുന്ന കാറിന്റെ നമ്പർ, നീളം, വീതി, ഭാരം എന്നിവ ഹൈപവർ സെൻസർ സംവിധാനം ഉപയോഗിച്ച് ഹൈടെക് സെന്ററിൽ രേഖപ്പെടുത്തും

2. കാർ ബൂത്തിൽ നിന്ന് ടോക്കൺ എടുക്കണം. ഏത് നിലയിലാണ് പാർക്കിംഗ് എന്ന് ടോക്കണിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

3. പാർക്കിംഗ് കേന്ദ്രത്തിനു മുന്നിലെ സെൻസറിൽ ടോക്കൺ സൈ്വപ്പ് ചെയ്യുക. ഏത് നിലയിലാണോ പാർക്ക് ചെയ്യേണ്ടത്, അവിടത്തെ റാപ്പ് താഴേക്കു വരും

4. വാഹനം റാപ്പിൽ കയറ്റിയ ശേഷം ഡ്രൈവർ ഇറങ്ങി പുറത്തേക്കുവരണം, തുടർന്ന് റാപ്പ് മുകളിലേക്കു പോയി പാർക്ക് ചെയ്യേണ്ട സ്ഥലത്തേക്ക് എത്തും

5.തിരികെ എടുക്കാനെത്തുമ്പോൾ കാർ ഔട്ട് ബൂത്തിൽ വീണ്ടും കാർഡ് സൈ്വപ്പ് ചെയ്യണം. വാഹനം എത്രാമത്തെ നിലയിലാണെന്നും എത്ര സമയത്തിനുള്ളിൽ താഴേക്ക് വരുമെന്നും സൈൻ ബോർഡിൽ കാണിക്കും

6. വാഹനം സുരക്ഷിതമായി താഴെ എത്തിക്കഴിയുമ്പോൾ അലാറം മുഴങ്ങും

സെമി ഓട്ടോമാറ്റിക് പസിൽ മോഡ്
5.64 കോടി രൂപ മുടക്കി 7 നിലകളിലായി 102 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന സെമി ഓട്ടോമാറ്റിക് പസിൽ മോഡ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. കാർ പാർക്കിംഗ് സംവിധാനം നഗരസഭ ബൈലാ കൗൺസിൽ അംഗീകരിക്കുന്നതോടെ മാത്രമേ പ്രവർത്തനം ആരംഭിക്കു. ബൈലാ തയാറാക്കുന്നതിനായി കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 27നകം കൗൺസിൽ കൂടുമെന്നും അടുത്ത മാസം ആദ്യം മുതൽ പാർക്കിംഗ് ആരംഭിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. ഫയർഫോഴ്സിന്റെ എൻ.ഒ.സി ഇന്നോ നാളെയോ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഫയർഫോഴ്സിന്റെ ക്ലിയറൻസ് കിട്ടാത്തതാണ് പ്രവർത്തനം തുടങ്ങാൻ വൈകുന്നത്. എന്നാൽ ഉത്തരവ് ആയിട്ടുണ്ടെന്നും ഇനി തടസങ്ങളൊന്നുമില്ലെന്നും മേയറുടെ ഓഫീസ് അറിയിച്ചു.


പ്രത്യേകം നിരക്കുകൾ

കൗൺസിലർമാർ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്കായി പ്രത്യേകം നിരക്ക് ഏർപ്പെടുത്തും. വൈകിട്ട് ആറിനുശേഷം വാഹനങ്ങൾ അനുവദിക്കില്ല. ദിവസങ്ങളോളം വാഹനം സൂക്ഷിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.