
തന്റെ യഥാർത്ഥ ജീവിതത്തെ വികലമായി ചിത്രീകരിക്കുന്നതിനാൽ പൃഥ്വിരാജ് നായകനാകുന്ന 'കടുവ' യുടെ ചിത്രീകരണം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന ജോസ് കുരുവിനാംകുന്നേൽ എന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചനല്ല തന്റെ കഥാപാത്രമെന്നാണ് ജിനു പറയുന്നത്.
'ചിത്രത്തിലെ നായകൻ ഒരു സാങ്കല്പിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച് നിയമപരമായി മുന്നോട്ടുപോകാനാണെങ്കിൽ അതിലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല' എന്നായിരുന്നു ജിനു പറഞ്ഞത്.
#Kaduva
Posted by Prithviraj Sukumaran on Sunday, 4 October 2020
Kaduva Movie Shaji Kailas Jinu V Abraham Thaman S Ravi K.Chandran ISC #SupriyaMenon Listin Stephen Magic Frames Prithviraj Productions #RollingSoon
കടുവയുടെ കഥ വായിച്ചു എന്ന് കടുവാക്കുന്നേൽ കുറുവച്ചൻ പറഞ്ഞതിനെയും ജിനു ചോദ്യംചെയ്യുന്നുണ്ട്. അങ്ങനെ വായിക്കാൻ ആ കഥ എവിടെയും പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോൾ കടുവയുടെ കഥ ഇതാണെന്ന് പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരുമായും സാമ്യമില്ല- ജിനു വ്യക്തമാക്കി. ചുറ്റുപ്പാടുകളിലും വളർന്ന സാഹചര്യങ്ങളിലും കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതുക. അതല്ലാതെ ശൂന്യതയിൽ നിന്നും കഥ എഴുതാനുള്ള വിദ്യ അറിയില്ല. എങ്ങനെയാണ് കഥാപാത്രത്തിന് ആ പേര് ലഭിച്ചതെന്നതിന് ഉത്തരം തിരക്കഥയിലുണ്ട്.അത് സിനിമയായി വരുമ്പോൾ അക്കാര്യം എല്ലാവർക്കും മനസിലാകും എന്നും അദ്ദേഹം പറഞ്ഞു.
ഏറെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് പൃഥ്വിരാജ് നായകനാകുന്ന കടുവയ്ക്ക് കോടതിയിൽ നിന്ന് ചിത്രീകരണാനുമതി ലഭിച്ചത്. സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കടുവയുടെ ചിത്രീകരണം പൂർത്തിയാക്കിയാലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി കടുവാക്കുന്നേൽ കുറുവച്ചൻ രംഗത്തെത്തിയത്. കോടതിയിൽ നിന്ന് തിരക്കഥ ഓദ്യോഗിമായി ശേഖരിക്കാനുളള നടപടികൾ തുടങ്ങിയതായും തന്റെ അനുവാദമില്ലാതെ തന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.